Advertisement

ജില്ലയിലെ സ്‌കൂള്‍ കായിക അധ്യാപകരുടെ യോഗം ചേര്‍ന്നു

By kcnchannel / September 7, 2026

സ്‌കൂള്‍ കായികരംഗത്തെ മികവിന് ദീര്‍ഘകാല പദ്ധതികള്‍ തയ്യാറാക്കണം: ജില്ലാ കളക്ടര്‍

ജില്ലയിലെ സ്‌കൂള്‍ കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച നേട്ടം കൈവരിക്കുന്നതിനുമായി ദീര്‍ഘകാല പദ്ധതികള്‍ തയ്യാറാക്കണമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍ദ്ദേശിച്ചു. പദ്ധതികള്‍ക്കാവശ്യമായ തുക കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ കായികമേളയ്ക്ക് മുന്നോടിയായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലയിലെ കായിക അധ്യാപകരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. സ്‌കൂള്‍തല കായികപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും മികച്ച കായിക താല്‍പര്യമുള്ള കുട്ടികളെ ചെറുപ്പം മുതലേ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കുന്നതിനുമുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ജില്ലയിലെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍ എന്നിവ സ്‌കൂള്‍ കായികപ്രതിഭകള്‍ക്ക് പരിശീലനത്തിനായി സൗജന്യമായി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. പരിശീലനത്തിനെത്തുന്ന കുട്ടികളുടെയും അധ്യാപകരുടെയും പട്ടിക വിദ്യാഭ്യാസ വകുപ്പ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കൈമാറണം. സ്വകാര്യ സ്ഥാപനങ്ങളും അക്കാദമികളും പരിശീലകരും കായികവികസനത്തിന് പിന്തുണ നല്‍കണമെന്നും ജിംനേഷ്യം അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ക്കും.

കായികരംഗത്ത് കുട്ടികളെ ചെറുപ്പം മുതലേ വളര്‍ത്തിയെടുക്കുന്നതിന് സമൂഹത്തിന്റെ പൂര്‍ണ സഹകരണം ആവശ്യമാണെന്ന് കളക്ടര്‍ പറഞ്ഞു. അധ്യാപക-രക്ഷാകര്‍തൃ സമിതികളും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികളും സജീവമായ സ്‌കൂളുകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നുണ്ട്. എല്ലാ സ്‌കൂളുകളും ഇതിന് സന്നദ്ധമാകണം. തദ്ദേശസ്ഥാപനങ്ങള്‍ കായികരംഗത്തിനായി പദ്ധതികള്‍ തയ്യാറാക്കി തുക വകയിരുത്തണമെന്നും വ്യവസായ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടുകള്‍ കായികവികസനത്തിന് വിനിയോഗിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കായികമേഖലയ്ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം അറിയിച്ചു. ആവശ്യമായ തുക ഈ വര്‍ഷവും ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട് എല്ലാ തദ്ദേശസ്ഥാപനങ്ങളും സ്‌പോര്‍ട്‌സിന് തുക നിര്‍ബന്ധമായും വകേണ്ടതാണെന്നും ജില്ലാ ആസൂത്രണ സമിതി (DPC) യോഗത്തില്‍ അജണ്ടയായി ഉള്‍പ്പെടുത്തുമെന്നും പ്രസിഡണ്ട് അറിയിച്ചു.

മെഡല്‍ നേടാന്‍ കൂടുതല്‍ സാധ്യതയുള്ള ത്രോ ഇനങ്ങള്‍, കബഡി, തെയ്‌ക്കൊണ്ടോ, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ തുടങ്ങിയ ഇനങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു. പരിശീലനത്തിനായി സ്റ്റേഡിയങ്ങള്‍, എച്ച്.എ.എല്‍. സ്വിമ്മിംഗ് പൂള്‍, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍ എന്നിവ സൗജന്യമായി അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കബഡി പരിശീലനത്തിനാവശ്യമായ മാറ്റ് ജില്ലാ പഞ്ചായത്ത് അനുവദിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

ജില്ലയില്‍ സംസ്ഥാന സ്‌കൂള്‍ കായികമേള സംഘടിപ്പിക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടു. മികച്ച ഗ്രൗണ്ടുകളുടെയും കായിക ഉപകരണങ്ങളുടെയും അഭാവമാണ് ജില്ലയിലെ കായികമേഖലയുടെ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് യോഗം വിലയിരുത്തി. സ്വകാര്യ അക്കാദമികളെയും പരിശീലകരെയും അനുമോദിക്കുന്നതുള്‍പ്പെടെയുള്ള പിന്തുണ ജില്ലാ ഭരണകൂടം നല്‍കുമെന്നും യോഗത്തില്‍ അറിയിച്ചു.

യോഗത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ റഫീഖ്, സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് അസോസിയേഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പ്രീതിമോള്‍, ജില്ലാ സെക്രട്ടറി ബിജു, ജില്ലാ സാമൂഹികനീതി ഓഫീസര്‍ ആര്യ പിരാജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്കുമാര്‍, വിവിധ ഉപജില്ലകളിലെ കായിക അധ്യാപകര്‍ എന്നിവര്‍ സംസാരിച്ചു.