പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY) വഴി നവീകരിക്കുന്ന സംയോജിത ആധുനിക തീരദേശ മത്സ്യഗ്രാമ പദ്ധതിയുടെ ഭാഗമായി ഷിറിയ, ബങ്കര മഞ്ചേശ്വരം മേഖലകളിലെ വികസന പദ്ധതികളുടെ ഉദ്ഘാടനം സെപ്തംബര്‍ എട്ടിന് വൈകീട്ട് മൂന്നിന് മഞ്ചേശ്വരം ഹാര്‍ബര്‍ പരിസരത്ത് നടക്കും. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ചടങ്ങില്‍ മൊബൈല്‍ ഫിഷ് വെന്‍ഡിംഗ് കിയോസ്‌കുകള്‍, മൊബൈല്‍ ഫിഷ് പ്രോസസിംഗ് കിയോസ്‌ക് എന്നിവയുടെ വിതരണവും ഒ.ബി.എം. (OBM) റിപ്പയര്‍ സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനവും ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍ നിര്‍വഹിക്കും. എ.കെ.എം. അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. ഫിഷറീസ് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബി. അബ്ദുള്‍ നാസര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, കെ.എസ്.സി.എ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ പി.ഐ. ഷെയ്ഖ് പരീത്, ഫിഷറീസ് ഡയറക്ടര്‍ ചെല്‍സാസിനി വി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങള്‍ തുടങ്ങി വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി, മത്സ്യത്തൊഴിലാളി യൂണിയന്‍ പ്രതിനിധികളും പങ്കാളികളാകും.
കേന്ദ്ര വിഹിതമായ 3.73 കോടിയും സംസ്ഥാന വിഹിതമായ 3.31 കോടിയും ഉള്‍പ്പെടെ ആകെ 7.04 കോടി രൂപ ചെലവഴിച്ചാണ് ഷിറിയ, ബങ്കര മഞ്ചേശ്വരം മേഖലകളില്‍ ഈ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത്. കമ്മ്യൂണിറ്റി ഫെസിലിറ്റി സെന്റര്‍, കോള്‍ഡ് സ്റ്റോറേജ്, മത്സ്യത്തൊഴിലാളി വനിതകള്‍ക്കായി മൊബൈല്‍ സീഫുഡ് കഫറ്റേരിയ, കോസ്റ്റല്‍ ബയോ ഷീല്‍ഡിംഗ്, കൃത്രിമ പാര് നിക്ഷേപം, ഐസ് ബോക്സ് വിതരണം, ഹൊസബട്ടു ഫിഷ് ലാന്റിംഗ് സെന്ററില്‍ പബ്ലിക് ടോയ്ലെറ്റ് നിര്‍മ്മാണം എന്നിവയും പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കും. സംസ്ഥാനത്ത് ആകെ 61.06 കോടി രൂപ ചെലവില്‍ തിരഞ്ഞെടുക്കപ്പെട്ട ഒന്‍പത് മത്സ്യഗ്രാമങ്ങളില്‍ ഒന്നാണ് ഷിറിയ.




