കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്: കായിക വകുപ്പിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചു

കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിനുള്ള സമഗ്ര പദ്ധതിരേഖ ജില്ലാ ഭരണകൂടം കായിക വകുപ്പിന് സമര്‍പ്പിച്ചു. ലോകോത്തര കായികതാരങ്ങളെ വളര്‍ത്തിയെടുക്കാനും സംസ്ഥാന-ദേശീയ കായികമേളകള്‍ക്ക് വേദിയൊരുക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ജില്ലാകളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. സംസ്ഥാന ഫണ്ടിലോ ഖേലോ ഇന്ത്യയിലോ തുക അനുവദിക്കാന്‍ തടസ്സമുണ്ടായാല്‍ പദ്ധതി കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തുമെന്ന് കളക്ടര്‍ പറഞ്ഞു
നിലവില്‍ നീലേശ്വരത്ത് മാത്രമാണ് ജില്ലയില്‍ സിന്തറ്റിക് ട്രാക്ക് ഉള്ളത്.
ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ ഷാഹിന സലിം എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്റ്റേഡിയം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് ‘സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍’ ആണ് പ്രൊപ്പോസല്‍ തയ്യാറാക്കിയത്. ഇതാദ്യമായാണ് സ്റ്റേഡിയം നവീകരണത്തിനായി ഔദ്യോഗിക പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നത്.
പ്രധാന സവിശേഷതകള്‍

  • 400 മീറ്റര്‍ 8 ലെയ്ന്‍ സിന്തറ്റിക് ട്രാക്ക്: നിര്‍മാണച്ചെലവ് 9.50 കോടി രൂപ.
  • 11-എ-സൈഡ് നാച്ചുറല്‍ ഫുട്‌ബോള്‍ ടര്‍ഫ്: സ്പ്രിങ്ക്ളര്‍ സംവിധാനം, ഓഫീസ് മുറി, ടോയ്ലറ്റ് ബ്ലോക്ക് ഉള്‍പ്പെടെ 3.00 കോടി രൂപ.
  • വിപുലമായ ഗാലറിയും മറ്റ് അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും.
    ഫണ്ട് വിനിയോഗവും തുടര്‍നടപടികളും
    2023-24 സംസ്ഥാന ബജറ്റില്‍ പദ്ധതിക്കായി 4 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ വിപുലമായ നവീകരണത്തിന് ഈ തുക മതിയാകില്ലെന്ന് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പദ്ധതി പുനഃക്രമീകരിച്ചു:
  • ബജറ്റിലെ 4 കോടി രൂപ സ്റ്റേഡിയത്തിന് ആവശ്യമായ അനുബന്ധ സ്ഥലവികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും.
  • പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘ഖേലോ ഇന്ത്യ’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കും.

നഗരസഭ
നിരാക്ഷേപ പത്രം നല്‍കി

ഇതിനായി നഗരസഭാ സെക്രട്ടറി എന്‍.ഒ.സി (NOC) ഒപ്പുവെച്ചു നല്‍കിയിട്ടുണ്ടെന്നും തുടര്‍നടപടികള്‍ പുരോഗമിക്കുകയാണെന്നും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

*
പരിശീലന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം വിദഗ്ധ അത്ലറ്റിക് കോച്ചുകളെ നിയമിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
\

Scroll to Top