തമിഴ്‌നാട് നിയമസഭയില്‍ മുഖ്യമന്ത്രി വിജയ് ഡിഎംകെയ്‌ക്കെതിരെ രൂക്ഷമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു. ഇ.ഡി കേസ് വിവരങ്ങള്‍ സഹിതം വിജയ് നടത്തിയ പരാമര്‍ശങ്ങള്‍ സഭയില്‍ വലിയ ബഹളത്തിനും പ്രതിപക്ഷ പ്രതിഷേധത്തിനും കാരണമായി.
ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മില്‍ രൂക്ഷമായ വാക്‌പോരും ബഹളവും. ഡി.എം.കെയ്‌ക്കെതിരായ അഴിമതി ആരോപണങ്ങളും ഇ.ഡി കേസ് വിവരങ്ങളും ഉന്നയിച്ച് മുഖ്യമന്ത്രി വിജയ് സഭയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.
മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ കാലത്തെ അഴിമതി ആരോപണങ്ങളും, മുന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനുമെതിരായ വിമര്‍ശനങ്ങളും വിജയ് സഭയില്‍ ഉന്നയിച്ചു. ഇതോടെ ഉദയനിധി സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള ഡി.എം.കെ അംഗങ്ങള്‍ സഭയില്‍ എഴുന്നേറ്റ് നിന്ന് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. മുന്‍ സ്റ്റാലിന്‍ സര്‍ക്കാരിന്റെ കാലത്തെ ജോലിക്ക് കോഴ ആരോപണം വിജയ് സഭയില്‍ വീണ്ടും ഉന്നയിക്കുകയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കത്തിലെ വിവരങ്ങള്‍ സഭയില്‍ വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു.
സ്ത്രീകളെക്കുറിച്ച് അപകീര്‍ത്തികരമായി സംസാരിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഡി.എം.കെ നേതാക്കള്‍ ചോദിക്കുന്ന നിലപാടിലെ രാഷ്ട്രീയത്തെ വിജയ് വിമര്‍ശിച്ചു. സ്ത്രീകളെ പറ്റി മോശമായി പറയുന്നതില്‍ എന്താണ് പ്രശ്‌നം എന്നാണ് ഡിഎംകെക്കാര്‍ ചോദിക്കുന്നത്. അതാണ് ഡിഎംകെയെന്ന് വിജയ് കുറ്റപ്പെടുത്തി.
ജന്മാഷ്ടമി നേര്‍ന്ന് വിജയ്, പെരിയാറിനെ പിന്തുടരുന്ന പാര്‍ട്ടിക്ക് ചേരുന്നതല്ലെന്ന് ഡിഎംകെ
മുന്‍ ഭരണകാലത്തെ ടാസ്മാക് അഴിമതി ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, കേവലം രണ്ട് വകുപ്പുകളിലെ ഫയലുകള്‍ പരിശോധിച്ചപ്പോള്‍ തന്നെ ഇത്രയും വലിയ ക്രമക്കേടുകള്‍ പുറത്തുവന്നെങ്കില്‍ ബാക്കി ഫയലുകള്‍ കൂടി തുറന്നാല്‍ എന്താകും സ്ഥിതിയെന്ന് ചോദിച്ചു. അഴിമതി നടത്തിയിട്ടില്ലെന്ന് ഡി.എം.കെ വാദിക്കരുത്. ഡി.എം.കെ എവിടെയുണ്ടോ അവിടെ തെറ്റുണ്ട്, തെറ്റെവിടെയുണ്ടോ അവിടെ ഡി.എം.കെയുമുണ്ടെന്നാണ് സ്ഥിതിയെന്നും വിജയ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് പിന്നാലെ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ സഭയില്‍ വന്‍ ബഹളവും വാഗ്വാദവും ഉടലെടുത്തു. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ അടക്കം എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു.




