എം.ഐ.സി ബിലാല്‍ മസ്ജിദ് നാടിന് സമര്‍പ്പിച്ചു: പള്ളികള്‍ ഐക്യം ഊട്ടിയുറപ്പിക്കുകയാണ് വേണ്ടതെന്ന് ജിഫ്രി തങ്ങള്‍

ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍ ബാലനടുക്കത്ത് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ (എം.ഐ.സി) കീഴില്‍ പുതുതായി നിര്‍മിച്ച ബിലാല്‍ മസ്ജിദ് നാടിന് സമര്‍പ്പിച്ചു. കുന്നരിയത്ത് മാഹിന്‍ കളനാട് സ്ഥാപനത്തിന് സംഭാവനയായി നല്‍കിയ സ്ഥലത്താണ് ഹമീദ് ഹാജിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ മസ്ജിദ് നിര്‍മിച്ചത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റും എം.ഐ.സി പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മസ്ജിദിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

മസ്ജിദുകള്‍ ഐക്യപ്പെടലിന്റെ കേന്ദ്രമാവണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഓര്‍മിപ്പിച്ചു. ചടങ്ങില്‍ എം.ഐ.സി ട്രഷറര്‍ കെ.കെ. അബ്ദുല്ല ഹാജി ഖത്തര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് സ്വാഗതമാശംസിച്ചു.

സമസ്ത കാസര്‍കോട് ജില്ലാ നേതാക്കളായ ചെങ്കള അബ്ദുല്ല ഫൈസി, സിദ്ദീഖ് നദ്വി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ മൗലവി മേനംകോട് എന്നിവരും എം.ഐ.സി കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, സുലൈമാന്‍ ഹാജി മല്ലം, അബൂബക്കര്‍ ഹാജി നെക്കര, ജലീല്‍ കടവത്ത്, ടി.ഡി. ഹസന്‍, കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദ്, കണ്‍വീനര്‍ ലത്തീഫ് എന്നിവരും ചട്ടഞ്ചാല്‍ ബാലനടുക്കം കൂട്ടായ്മ അംഗങ്ങളും നാട്ടുകാരും പരിപാടിയില്‍ സംബന്ധിച്ചു.

Scroll to Top