സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. താപനില ഉയര്‍ന്നതോടെ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. പലയിടത്തും ഇന്നലെ രാത്രി രണ്ടിലധികം തവണയാണ് വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്. വൈകുന്നേരം 6 മണി മുതല്‍ 12 മണി വരെയുള്ള പീക്ക് സമയങ്ങളില്‍ നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിക്കുന്നത്. പവര്‍ എക്‌സ്‌ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതയിലും കുറവെന്ന് കെഎസ്ഇബി പറയുന്നു.

പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് ആവശ്യത്തിനനുസരിച്ച് വൈദ്യുതി ലഭിക്കാത്തതും കേരളത്തിന് തിരിച്ചടിയായി. പ്രതിദിനം 600 മുതല്‍ 800 മെഗാവാട്ട് വൈദ്യുതി പീക്ക് സമയങ്ങളില്‍ ആവശ്യമായി വരുന്നുണ്ട്. ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്ന സാഹചര്യവും വൈദ്യുതി നിയന്ത്രണത്തിന് കാരണമാകുന്നു. മഴ മാറി നില്‍ക്കുന്നതും അന്തരീക്ഷ താപനില ഉയര്‍ന്നതും വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയര്‍ത്തി. സാധാരണയിലും നാല് ഡിഗ്രി സെല്‍ഷ്യസ് വരെ അധികമാണ് നിലവിലെ താപനില. ഇന്നലെ കൊല്ലം ജില്ലയിലെ പുനലൂര്‍ രേഖപ്പെടുത്തിയത് 36.2 ഡിഗ്രി സെല്‍ഷ്യസ് ആണ്.

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുന്‍കാലങ്ങളില്‍ അപേക്ഷിച്ച ഗണ്യമായി വര്‍ദ്ധിച്ചു. വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണം കൂടിയേ തീരൂ എന്ന വിലയിരുത്തലിലാണ് കെഎസ്ഇബി. ദേശീയ തലത്തില്‍ 12,000 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഇതുവരെ പരിഹരിക്കാനായിട്ടില്ല

Scroll to Top