കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ നിട്ടടുക്കത്ത് രണ്ടായിരം വര്‍ഷം മുമ്പ് മഹാശിലാ കാലഘട്ടത്തില്‍ ജനങ്ങള്‍ അധിവസിച്ചിരുന്നതിന്റെ ചരിത്ര ശേഷിപ്പായ ചെങ്കല്ലറ കണ്ടെത്തി. വിപ്രോ ഉദ്യോഗസ്ഥനായ നിട്ടടുക്കം ചിത്തിരയില്‍ താമസിക്കുന്ന എന്‍.സജിത്ത് കുമാറിന്റെ വീട്ടുപറമ്പിലാണ് മഹാശിലാ കാലഘട്ടത്തിലെ ശവസംസ്‌ക്കാര ചടങ്ങുകളുടെ ഭാഗമായി നിര്‍മ്മിച്ചതെന്ന് കരുതുന്ന ചെങ്കല്ലറ കണ്ടെത്തിയത്. വര്‍ഷങ്ങളായി വലിയ ഒരു കല്ല് കൊണ്ട് അടച്ചു വച്ചിരിക്കുന്നതും കല്ല് വലിപ്പം വര്‍ദ്ധിച്ചു വരുന്നതായും ഗുഹ കിലോമീറ്ററുകള്‍ നീണ്ടു കിടക്കുന്നതാണെന്നുമുള്ള വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സജിത്ത് കുമാര്‍ അറിയിച്ചതനുസരിച്ച് കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ചരിത്ര വിഭാഗം മേധാവിയും ചരിത്ര ഗവേഷകനുമായ ഡോ.നന്ദകുമാര്‍ കോറോത്ത് സ്ഥലം സന്ദര്‍ശിച്ച് നടത്തിയ നിരീക്ഷണത്തിലാണ് കണ്ടെത്തിയ ഗുഹ മഹാശില കാലഘട്ടത്തിന്റെ ചരിത്ര ശേഷിപ്പായ ചെങ്കല്ലറയാണെന്ന് സ്ഥിരീകരിച്ചത്. 1731 ല്‍ നിര്‍മ്മിച്ച ഹോസ്ദുര്‍ഗ് കോട്ടയും പതിനേഴ് പതിനെട്ട് നൂറ്റാണ്ടുകളില്‍ നടന്ന പടയോട്ടങ്ങളുടെ ചരിത്ര ശേഷിപ്പുകളും നാലുകെട്ടുകളും ആരാധനാലയങ്ങളും കൊണ്ട് സമ്പന്നമായ കാഞ്ഞങ്ങാട് രണ്ടായിരം വര്‍ഷം മുന്‍പു തന്നെ ജനാധിവാസ കേന്ദ്രമായിരുന്നു എന്നതിന് തെളിവാണ് നിട്ടടുക്കത്ത് നശിപ്പിക്കപ്പെടാതെ ഇന്നും നിലനില്‍ക്കുന്ന ചെങ്കല്ലറ. ശവസംസ്‌കാരത്തിന്റെ ഭാഗമായി ഭസ്മവും അസ്ഥികളും മറ്റ് വസ്തുക്കളും നിക്ഷേപിച്ച മണ്‍പാത്രങ്ങളും ഇരുമ്പായുധങ്ങളും അടക്കം ചെയ്താണ് മഹാ ശിലാ കാലഘട്ടത്തില്‍ ചെങ്കല്ലറകള്‍ നിര്‍മ്മിച്ചിരുന്നത്.
ചെങ്കല്‍പ്പാറ തുരന്ന് നിര്‍മ്മിച്ച ചെങ്കല്ലറയുടെ വൃത്താകൃതിയിലുള്ള ഉള്‍ഭാഗത്ത് നിന്ന് പുറത്തേക്ക് ഉള്ള കവാടം കല്ലുകൊണ്ട് അടച്ചുവച്ച നിലയിലാണുള്ളത്. സാധാരണയായി പടികളോടുകൂടി കാണപ്പെടാറുള്ള ഭാഗം മണ്ണുമൂടിയ നിലയിലാണുള്ളത്. മുകള്‍ ഭാഗത്ത് വൃത്താകൃതിയില്‍ അടച്ചു വയ്ക്കാനാകുന്ന വിധത്തില്‍ ഒരാള്‍ക്ക് ഗുഹയിലേക്ക് ഉഴ്ന്നിറങ്ങാന്‍ പാകത്തില്‍ ദ്വാരവുമുണ്ട്. ദ്വാരം അടച്ചു വയ്ക്കാനുപയോഗിച്ചിരുന്ന കല്ലുകൊണ്ടുള്ള അsപ്പ് താഴെ വീണു കിടക്കുന്ന നിലയിലാണുള്ളത്. അതിനു പകരമായാണ് വലിയ പാറക്കഷ്ണം സ്ഥലമുടമകള്‍ എഴുപത്തഞ്ച് വര്‍ഷം മുമ്പ് കയറ്റി വച്ചത്. ക്രിസ്തുവര്‍ഷം മൂന്നാം നൂറ്റാണ്ടിന് മുമ്പാണ് മഹാശിലാ കാലഘട്ടത്തിലെ മനുഷ്യര്‍ ചെങ്കല്ലറകള്‍ നിര്‍മ്മിച്ചിരുന്നത്. കാഞ്ഞങ്ങാട് കണ്ടെത്തിയ ചെങ്കല്ലറയുടെ മുകള്‍ഭാഗത്ത് മധ്യത്തിലായി അമ്പത് സെന്റിമീറ്റര്‍ വ്യാസത്തില്‍ വൃത്താകൃതിയിലുള്ള ദ്വാരമുണ്ട്. രണ്ട് മീറ്റര്‍ ആഴത്തിലുള്ള ദ്വാരത്തിന് താഴെയായി വൃത്താകൃതിയിലാണ് ചെങ്കല്ലറയുള്ളത്. ചെങ്കല്ലറയുടെ ഉള്‍ഭാഗത്ത് മണ്ണ് നിറഞ്ഞതിനാല്‍ മണ്‍പാത്രങ്ങള്‍ കാണാനാകുന്നില്ല.
പ്രാദേശികമായി മുനിയറ, പാണ്ഡവ ഗുഹ, പീരങ്കി ഗുഹ, മുതലപ്പെട്ടി, നിധിക്കുഴി, കല്‍പ്പത്തായം എന്നീ പേരുകളിലാണ് ചെങ്കല്ലറകള്‍ അറിയപ്പെടുന്നത്.
വിശ്വാസത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെടുന്ന ചരിത്ര സ്മാരകം കാഞ്ഞങ്ങാടിന്റെ ഭൂതകാലത്തിന്റെ ഏറ്റവും പഴക്കമുള്ള തെളിവാണ്.
കാസര്‍ഗോഡ് ജില്ലയിലെ പിലിക്കോട്, ചന്ദ്രവയല്‍, പള്ളിപ്പാറ, അരിയിട്ട പാറ, പോത്താംങ്കണ്ടം, പനങ്ങാട്, ഉമ്മിച്ചി പൊയില്‍, തലയടുക്കം, പരപ്പ, ബാനം, ഭീമനടി, പ്ലാച്ചിക്കര, കനിയാല്‍, കുറ്റിക്കോല്‍, ബങ്കളം, കല്ലഞ്ചിറ, മാവുള്ള ചാല്‍, നാലിലാംകണ്ടം, മടിക്കൈ,പൈവളിഗെ, കാര്യാട്, മലപ്പച്ചേരി, പുത്തിഗെ, കോടോത്ത്, കൂടോല്‍, മാണിമൂല, കാളാംമൂല, കുരങ്ങനാടി, പാത്തടുക്കം, പനയാല്‍ എന്നിവിടങ്ങളില്‍ നിന്ന് പലപ്പോഴായി ചെങ്കല്ലറകള്‍ കണ്ടെത്തിയിട്ടുണ്ട്. ചെകല്ലറകള്‍, കൊടുംകല്ലറകള്‍, തൊപ്പിക്കല്ലുകള്‍, കൊടക്കല്ലുകള്‍, നന്നങ്ങാടികള്‍, കല്‍ വൃത്തങ്ങള്‍, ശിലാ ചിത്രങ്ങള്‍ എന്നിവയാണ് കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ഇതുവരെ ലഭ്യമായ മഹാശിലാ സ്മാരകങ്ങള്‍.




