ആളിക്കത്തി തമിഴ്നാട് നിയമസഭ, വിജയ്‌യുടെ ആരോപണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ഡിഎംകെ

തമിഴ്നാട് നിയമസഭയില്‍ മുഖ്യമന്ത്രി വിജയ് നടത്തിയ മിസ, സര്‍ക്കാരിയ കമ്മീഷന്‍ പരാമര്‍ശങ്ങളെച്ചൊല്ലി ഡിഎംകെ പ്രതിഷേധം ശക്തമാക്കി. വിജിലന്‍സ് അന്വേഷണത്തിലുള്ള കേസുകള്‍ പരാമര്‍ശിച്ചത് ചട്ടലംഘനമാണെന്ന് ഡിഎംകെ ആരോപിച്ചപ്പോള്‍, പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കാന്‍ സ്പീക്കര്‍ വിസമ്മതിച്ചു. ഇതോടെ സഭയില്‍ വാക്കേറ്റവും കയ്യാങ്കളിയും തുടര്‍ന്നു.
ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ മുഖ്യമന്ത്രി വിജയ് നടത്തിയ മിസ, സര്‍ക്കാരിയ കമ്മീഷന്‍ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷമായ ഡിഎംകെ നടത്തിയ ബഹളത്തെ തുടര്‍ന്ന് ഇന്നും നിയമസഭയില്‍ കടുത്ത വാക്കേറ്റവും കയ്യാങ്കളിയും. മുഖ്യമന്ത്രി സഭയില്‍ സംസാരിക്കുമ്പോള്‍ വിജിലന്‍സ് അന്വേഷണത്തിലുള്ള കേസുകള്‍ വായിച്ചു കേള്‍പ്പിച്ചത് സഭാനടപടിക്രമങ്ങളുടെ ലംഘനമാണെന്ന് ഡിഎംകെ എംഎല്‍എ ഇ വി വേലു ആരോപിച്ചു. അന്വേഷണത്തിലുള്ള കേസുകളില്‍ പരാമര്‍ശം നടത്തുന്നത് കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍, ഡിഎംകെയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി ആധവ് അര്‍ജുന രംഗത്തെത്തി. ഭരണകക്ഷി പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ ഡിഎംകെ തയ്യാറാകുന്നില്ലെന്നും സഭയില്‍ താന്‍ സംസാരിക്കാന്‍ എഴുന്നേല്‍ക്കുമ്പോഴെല്ലാം തടസപ്പെടുത്താനാണ് ഡിഎംകെ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഡിഎംകെയ്ക്ക് വിജയ്‌യെയും ഭരണകക്ഷിയെയും ഭയമാണെന്നും ഭരണകക്ഷിയുടെ വാദങ്ങള്‍ കേള്‍ക്കാന്‍ പ്രതിപക്ഷം തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതിനിടെ, മിസയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിജയ് നടത്തിയ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന ഡിഎംകെയുടെ ആവശ്യം സ്പീക്കര്‍ ജെ സി ഡി. പ്രഭാകര്‍ തള്ളി. മുന്‍പ് സഭയില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് മുഖ്യമന്ത്രി പരാമര്‍ശിച്ചതെന്നും അതിനാല്‍ പ്രസംഗ ഭാഗങ്ങള്‍ നീക്കം ചെയ്യേണ്ട സാഹചര്യമില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ സഭാ നടപടികള്‍ക്കിടയിലാണ് മുഖ്യമന്ത്രി വിജയ് ഡിഎംകെയ്‌ക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചത്.

ഡിഎംകെ പാര്‍ട്ടി ഫണ്ടിന്റെ പേരില്‍ അഴിമതി നടത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയിട്ടുണ്ടെന്നും, ഇതില്‍ മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍, മുന്‍ മന്ത്രി സെന്തില്‍ ബാലാജി എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും വിജയ് ആരോപിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി കരുണാനിധി പദവി ദുരുപയോഗം ചെയ്തതായി സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടെന്നും വിജയ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെയാണ് ഡിഎംകെ സഭയില്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്പീക്കറുടെ ഇരിപ്പിടം വളഞ്ഞ് ഡിഎംകെ അംഗങ്ങള്‍ പ്രതിഷേധിച്ചു.

Scroll to Top