യു.എ.ഇ ഖാസിലൈന്‍ ജമാഅത്ത് അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് 2026 ശ്രദ്ധേയമായി

ഖാസിലൈന്‍: യു.എ.ഇ ഖാസിലൈന്‍ ജമാഅത്ത് സംഘടിപ്പിച്ച അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് 2026 പ്രൗഢഗംഭീരമായി നടന്നു. വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ചടങ്ങ് നാടിന്റെയും പ്രവാസി സമൂഹത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റി.

റൗളത്തുല്‍ ഉലൂം മദ്‌റസയില്‍ നടന്ന പരിപാടിയില്‍ ബദ്രിയ മസ്ജിദ് പ്രസിഡന്റ് യൂസുഫ് ബാഖവി ഖാസിയാറകം അധ്യക്ഷത വഹിച്ചു. ചടങ്ങ് കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ മേഖലയിലെ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന യു.എ.ഇ ഖാസിലൈന്‍ ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും, സമൂഹത്തിന്റെ പുരോഗതിക്ക് വിദ്യാഭ്യാസത്തിന് നല്‍കുന്ന പ്രാധാന്യം ഏറെ പ്രശംസനീയമാണെന്നും കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എ അഭിപ്രായപ്പെട്ടു.

ആശംസാപ്രസംഗം നടത്തിയ മാലിക് ദീനാര്‍ ജമാഅത്ത് പ്രസിഡന്റ് യഹ്യ തളങ്കര, യു.എ.ഇ ഖാസിലൈന്‍ ജമാഅത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു.

ചടങ്ങിന്റെ ഭാഗമായി റൗളത്തുല്‍ ഉലൂമിന്റെ പൂര്‍വവിദ്യാര്‍ത്ഥിയും ഇന്ത്യയിലെ പ്രശസ്ത ഓര്‍ത്തോപീഡിക് സര്‍ജനുമായ ഡോ. അഹമ്മദ് റിസ്വാനെ ‘പ്രൈഡ് ഓഫ് ഖാസിലൈന്‍ അവാര്‍ഡ്’ നല്‍കി ആദരിച്ചു. ഖാസിലൈന്‍ ബദ്രിയ മസ്ജിദ് പ്രസിഡന്റ് യൂസുഫ് ബാഖവി ഖാസിയാറകം അദ്ദേഹത്തെ പൊന്നാട അണിയിക്കുകയും മൊമെന്റോ സമര്‍പ്പിക്കുകയും ചെയ്തു.

ചടങ്ങിലെ പ്രധാന ആകര്‍ഷണമായി എം.ബി.ബി.എസ്-ഡി.സി.എച്ച് ബിരുദധാരിയായ ഡോ. ഷഹ്വാന മഹ്‌മൂദിനും, യൂണിവേഴ്‌സിറ്റി ടോപ്പറും നാഷണല്‍ അവാര്‍ഡ് ജേതാവുമായ ഡോ. മരീഹ ജബീനും കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എ ഗോള്‍ഡ് മെഡല്‍ അണിയിച്ച് ആദരിച്ചു.

ദൗറ പൂര്‍ത്തിയാക്കിയ ഹാഫിള് അബ്ദുല്‍ മുഹൈമിനെ ഖാസി ത്വാഖ അഹമ്മദ് അല്‍ അസ്ഹരി സ്‌പെഷ്യല്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. നിരവധി ദേശീയ, സംസ്ഥാന തല ഖുര്‍ആന്‍, ഹിഫ്‌ള് മത്സര വിജയിയാണ് മുഹൈമിന്‍

വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തില്‍ ഡോ. അഹമ്മദ് റിസ്വാന്‍, ഇന്നത്തെ കാലഘട്ടത്തില്‍ ഉന്നത വിദ്യാഭ്യാസത്തോടൊപ്പം അച്ചടക്കവും ധാര്‍മിക മൂല്യങ്ങളും മതവിധികളുടെ പാലനവും ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു.

മദ്രസ്സയില്‍ പൊതു പരീക്ഷയില്‍ 5,7,10 ക്ലാസ്സുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്കുള്ള മര്‍ഹും ഖാസിയാറകത്ത് മുഹമ്മദ് കുഞ്ഞി ഹാജി മെമ്മോറിയല്‍ എക്‌സ്ലെന്‍സി അവാര്‍ഡ് റൗലത്തുല്‍ ഉലൂം സംഘം പ്രസിഡന്റ് അബ്ദുല്ല സഅദി ഖാസിയാറകം വിതരണം ചെയ്തു.

യോഗത്തില്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ഹനീഫ കെ.എം., മാലിക് ദീനാര്‍ ഖത്തീബ് മജീദ് ബാഖവി, ബദ്രിയ മസ്ജിദ് ജനറല്‍ സെക്രട്ടറി സഹീദ് എന്‍.എ., ബദ്രിയ മസ്ജിദ് ട്രഷറര്‍ അബ്ദുറഹ്‌മാന്‍ ഇ എം., മഹ്‌മൂദ് അരമന , മര്‍ച്ചന്റ് കാസര്‍ഗോഡ് വിങ് ട്രഷറര്‍ നഹീം അങ്കോല, ബഷീര്‍ സൈന്‍, വോളിബോള്‍ ബഷീര്‍, ടി.എ. ഷാഫി ഉത്തരദേശം, അബ്ദുല്ല സഅദി ഖാസിയാറകം, ബഷീര്‍ ദാരിമി, ഡോ. ഇര്‍ഫാന്‍ ഖാസിലൈന്‍, അസീസ് ഖാസിലൈന്‍, അഷ്‌റഫ് അബ്ദുല്ല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

വിദ്യാഭ്യാസ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകളും ഉപഹാരങ്ങളും വിതരണം ചെയ്ത ചടങ്ങില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

Scroll to Top