ഇന്നും നാളെയും ചൂട് കൂടും; നാല് ഡിഗ്രി വരെ ഉയരും, വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും കൂടിയ ചൂട് അനുഭവപ്പെടും. സാധാരണയിലും നാല് ഡിഗ്രി വരെ ഉയര്‍ന്ന ചൂടും ആര്‍ദ്രതയും അനുഭവപ്പെടും. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതാണ് ചൂട് കൂടാന്‍ കാരണം. അതേസമയം, ഇപ്പോഴത്തേത് ഉഷ്ണതരംഗ സാഹചര്യമായി വിലയിരുത്തിയിട്ടില്ല.

അതേസമയം, വരും ദിവസങ്ങളില്‍ മഴ കിട്ടുമെന്നാണ് പ്രവചനം. 10, 11 തീയതികളില്‍ വ്യാപകമായി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 10ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും 11ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ചൂട് തുടരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പുണ്ട്.

ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.പകല്‍ 11 മുതല്‍ മൂന്നുവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാനാണ് നിര്‍ദ്ദേശം. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ ധാരാളം ശുദ്ധജലം കുടിക്കുക. നിര്‍ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങന്‍ ഒഴിവാക്കാനും അതോറിറ്റി നിര്‍ദ്ദേശം നല്‍കി.

Scroll to Top