ഐഎസ്ആര്‍ഒ സ്വകാര്യവത്കരിക്കില്ല’ സര്‍ക്കാര്‍ സ്ഥാപനമായി തുടരും പ്രചാരണങ്ങള്‍ തള്ളി ചെയര്‍മാന്‍

ബെംഗളൂരു: ഐ.എസ്.ആര്‍.ഒ സര്‍ക്കാര്‍ സ്ഥാപനമായി തുടരുമെന്ന് ചെയര്‍മാന്‍ വി നാരായണന്‍. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ബഹിരാകാശ സമ്പദ്വ്യവസ്ഥ വളര്‍ത്താന്‍. ഐ.എസ്.ആര്‍.ഒയുടെ പങ്ക് ഇതിലൂടെ കുറയ്ക്കില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ജീവനക്കാരില്‍ ചിലര്‍ സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട് ആശങ്ക പ്രകടിപ്പിക്കുന്നതിനിടെയാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്റെ വിശദീകരണം.

ഐഎസ്ആര്‍ഒ സ്വകാര്യവത്കരിക്കില്ലെന്നും ജീവനക്കാര്‍ക്ക് ആശങ്ക വേണ്ടെന്നും പ്രത്യേക സന്ദേശത്തില്‍ ചെയര്‍മാന്‍ വ്യക്തമാക്കി. തൊഴില്‍ നഷ്ടമുണ്ടാകില്ല, ആനുകൂല്യങ്ങള്‍ നഷ്ടപ്പെടില്ല എന്നീ ഉറപ്പുകള്‍ നല്‍കിയ ചെയര്‍മാന്‍ നാരായണന്‍, ഐഎസ്ആര്‍ഒ സര്‍ക്കാര്‍ സംവിധാനമാണെന്നും പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചാണ് മുന്നോട്ടുള്ള യാത്രയെന്നും വ്യക്തമാക്കി.

ജീവനക്കാരുടെ തൊഴില്‍ മികവിന് സാമ്പത്തികമായി കൂടി പ്രതിഫലം നല്‍കുന്ന പെര്‍ഫോമന്‍സ് റിലേറ്റഡ് ഇന്‍സെന്റീവ് സ്‌കീം തുടരുമെന്നും ചെയര്‍മാന്‍ ജീവനക്കാര്‍ക്ക് വാക്ക് നല്‍കി. ആള്‍ക്ഷാമം പരിഹരിക്കാന്‍ പുതിയ നിയമനങ്ങള്‍ക്കുള്ള നടപടികള്‍ തുടരുകയാണെന്നും ഇന്ന് നാരായണന്‍ വ്യക്തമാക്കി. ഇന്ന് രാവിലെ 11.30യ്ക്കായിരുന്നു ആഭ്യന്തര വീഡിയോ കോണ്‍ഫ്രന്‍സ് വഴിയുള്ള നാരായണന്റെ അഭിസംബോധന.

വിക്ഷേപണ വാഹന സാങ്കേതിക വിദ്യയടക്കം സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഇന്‍സ്‌പേസ് താല്‍പര്യപത്രം ക്ഷണിക്കുകയും ഇസ്രൊ ഇത്തരം ജോലികളില്‍ നിന്ന് പിന്‍മാറുമെന്ന് ഇന്‍സ്‌പേസ് മേധാവി പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് ജീവനക്കാരുടെ സംഘടന ചെയര്‍മാന് ആശങ്കയറിയിച്ച് കത്തെഴുതിയത്.

Scroll to Top