സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും പ്രതിപക്ഷ നേതാവുമായ പിണറായിക്കെതിരെ കേസ് എടുക്കണമെന്നഇഡി കത്തില്‍ നിയമോപദേശം തേടി സര്‍ക്കാര്‍
തിരുവനന്തപുരം: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും പ്രതിപക്ഷ നേതാവുമായ പിണറായിക്കെതിരെ കേസ് എടുക്കാമെന്ന ഇഡി കത്തില്‍ നിയമോപദേശം തേടി സര്‍ക്കാര്‍. വിഷയത്തില്‍ എജിയുടെ ഉപദേശം തേടിയിരിക്കുകയാണ് സര്‍ക്കാര്‍. ഇഡിയുടെ ശുപാര്‍ശയില്‍ കേസ് എടുക്കണോ, കേസ് എടുക്കാനുള്ള വിവരങ്ങള്‍ കൈമാറിയോ, പ്രാഥമിക അന്വേഷണം നടത്തണോ തുടങ്ങിയ കാര്യങ്ങളില്‍ നിയമ പരിശോധന നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.
അതേസമയം, കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ വിഭിന്നാഭിപ്രായമാണ് നിലനില്‍ക്കുന്നത്. ഉടന്‍ കേസ് എടുക്കണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ രാഷ്ട്രീയമായ തിരിച്ചടി ആകുമോ എന്ന് പരിശോധിക്കണമെന്ന് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നു. ബിജെപിക്ക് മേല്‍ക്കൈ കിട്ടുന്ന സാഹചര്യം മുന്നില്‍ കാണണമെന്നും അഭിപ്രായം ഉയരുന്നുണ്ട്.
അതേസമയം, മാസപ്പടി കേസില്‍ പിണറായി വിജയനെതിരായ ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമെന്ന വിലയിരുത്തലിലാണ് സിപിഎം. ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചു. കേസിന് പിന്നില്‍ രാഷ്ട്രീയ പകപോക്കല്‍ മാത്രമാണെന്നും അദ്ദേഹം ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം കൂടി വന്ന ശേഷം കൂടുതല്‍ നടപടികളുമായി മുന്നോട്ടുപോകാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം.




