കെഎസ്യു ജില്ലാ പ്രസിഡന്റിനെ അക്രമിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍; 11 പേര്‍ക്കായി അന്വേഷണം

നീലേശ്വരം: ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം കെഎസ്യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂരിനും വിദ്യാര്‍ഥിയായ അതുല്‍ റാമിനും നേരെ ആക്രമണം നടത്തിയെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചായ്യോത്തെ ഷിബിന്‍ (25) ആണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അറസ്റ്റിലായത്.

അക്രമ കേസില്‍ ഉള്‍പ്പെട്ട മറ്റ് 11 പേരെ കണ്ടെത്താന്‍ നീലേശ്വരം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്നാണ് പറയുന്നത്.

സെപ്റ്റംബര്‍ ഒമ്പതിന് വൈകിട്ട് രണ്ടുമണിയോടെ ചായ്യോത്ത് സ്‌കൂളിലാണ് അക്രമ സംഭവം നടന്നത്.

ജവാദ് പുതൂരിനെയും അതുല്‍ റാമിനെയും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ സംഘം ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി കൈകൊണ്ടും മരവടി, കൈവള എന്നിവ ഉപയോഗിച്ചും മര്‍ദിക്കുകയും ചവിട്ടുകയും ചെയ്‌തെന്നാണ് പരാതി. ഗുരുതരമായി പരിക്കേല്‍പ്പിക്കാനുള്ള ശ്രമവും നടന്നതായി എഫ്ഐആറില്‍ പറയുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ ജവാദ് പുത്തൂര്‍ കാഞ്ഞങ്ങാട് ഐഷാല്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.

ആശുപത്രിയിലെത്തിയ നീലേശ്വരം പൊലീസ് എഎസ്‌ഐ ശ്രീജിത്ത് പി.കെ. ജവാദിന്റെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തില്‍ നീലേശ്വരം പൊലീസ് എസ്‌ഐ സാബു സി.എം. ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിഐടിയു പ്രവര്‍ത്തകരെന്ന് അക്രമിച്ചതെന്നാണ് പരാതി. സംഭവത്തില്‍ അനന്തു, ഷിബിന്‍, രൂപേഷ്, നിരഞ്ജന്‍ എന്നിവരടക്കം 12 പേരെയാണ് പ്രതികളാക്കിയിരിക്കുന്നത്.

തിരിച്ചറിയാവുന്ന എട്ട് പേരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 471/2026 ആയി സെപ്റ്റംബര്‍ ഒമ്പതിന് രാത്രി 9.32നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ എസ്‌ഐ സാബു സി.എം ന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നു.

Scroll to Top