ഈ വര്‍ഷം മാത്രം 296 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു.
മലമ്പനി എണ്ണത്തിലും
വര്‍ദ്ധനവുണ്ട്.
ജില്ലയില്‍ വൈറല്‍ പനിയോടൊപ്പം മഞ്ഞ പ്പിത്തവും മലമ്പനിയും പടരുന്നു. ഈ വര്‍ഷം മാത്രം 296 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് മരിച്ചവരും ഏറെയാണ്. എന്നാല്‍, ആരോഗ്യവകുപ്പില്‍ നിന്നു മരണം സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ ലഭ്യമായിട്ടില്ല. ഈ മാസം മാത്രം 60 പേരാണ് മഞ്ഞപ്പിത്ത ലക്ഷണത്തോടെ ചികിത്സ തേടിയത്. ഔദ്യോഗിക പരിശോധന ഫലം വരുമ്പോള്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പിന്നെയും കൂടാം.
മലമ്പനി ബാധിതരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഈ വര്‍ഷം 28 പേര്‍ക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. ഈ മാസം മാത്രം 4 പേര്‍ക്ക് മലമ്പനി ബാധിച്ചു. ഇന്നലെ ഒരാള്‍ക്കും മലമ്പനി സ്ഥിരീകരിച്ചു. 167 പേര്‍ക്കാണ് ഈവര്‍ഷം ഡെങ്കിപ്പനി ബാധിച്ചത്. 512 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സ തേടി. എലിപ്പനി ബാധിതരുടെ എണ്ണത്തിലും ഈ വര്‍ഷം വര്‍ധനമുണ്ട്. 37 പേര്‍ക്കാണ് ഈ വര്‍ഷം എലിപ്പനി സ്ഥിരീകരിച്ചത്. 14 പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടി.
പനി ബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുകയാണ്. ഈവര്‍ഷം ഇന്നലെ വരെ 1,49,378 പേരാണ് പനി ബാധിച്ച് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഈ മാസം മാത്രം 7949 പേര്‍ ചികിത്സ തേടി. ഇന്നലെ മാത്ര 1004 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയെത്തിയത്. സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും ആയുര്‍വേദ, ഹോമിയോ ആശുപത്രികളിലും ചികിത്സ തേടിയവരുടെ എണ്ണമെടുത്താല്‍ പനി ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടക്കും. പനി ബാധിതരുടെ എണ്ണം കൂടുമ്പോഴും ജില്ലയില്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതു രോഗികള്‍ക്ക് ദുരിതമാകുന്നു.




