ദില്ലിയില്‍ എത്തിയ പുടിനെ കാണാന്‍ മോദി, ഉച്ചകഴിഞ്ഞ് 3:30ന് കൂടിക്കാഴ്ച; ഇറാന്‍ പ്രസിഡന്റിനെയും ഇന്ന് തന്നെ കാണും

പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് മൂന്നരയ്ക്ക്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനെ മോദി വൈകിട്ട് 6:15ന് കാണും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച നാളെ വൈകിട്ട് 5:45ന്.
ദില്ലി: ദില്ലിയില്‍ നടക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 3:30നാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുക. റഷ്യ-യുക്രൈന്‍ സംഘര്‍ഷം, ഇന്ധന ഇറക്കുമതി, ആണവോര്‍ജ രംഗത്തെ സഹകരണം എന്നിവ രണ്ട് നേതാക്കളും ചര്‍ച്ച ചെയ്യും. ഇന്ത്യയ്ക്ക് കൂടുതല്‍ രാസവളവും ക്രൂഡ് ഓയിലും നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യവും ഉയര്‍ന്നുവരും. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനെ മോദി വൈകിട്ട് 6:15ന് കാണും. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് പെസഷ്‌കിയാന്‍ ദില്ലിയിലെത്തും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച നാളെ വൈകിട്ട് 5:45ന് നടക്കും.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മൊഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ തുടങ്ങിയവരും ഇന്ന് ദില്ലിയിലെത്തും. നാളെ ഉച്ചയ്ക്ക് 12:25നാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ദില്ലിയില്‍ വിമാനം ഇറങ്ങുന്നത്. ബ്രിക്‌സ് ഉച്ചകോടിക്കിടയില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ തന്ത്രപ്രധാന സാമ്പത്തിക ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. ഇരുരാജ്യങ്ങളും സാമ്പത്തിക സഹകരണം കൂട്ടാനുള്ള വഴികള്‍ തേടും. ഇന്ത്യന്‍ വ്യവസായികള്‍ക്കും കമ്പനി ഉദ്യോഗസ്ഥര്‍ക്കും ചൈനീസ് വിസ കിട്ടുന്നതിലുള്ള നിയന്ത്രണം ചര്‍ച്ചയാകും. ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള തടസ്സം മാറ്റണമെന്ന് ചൈന ആവശ്യപ്പെടും.

അതേസമയം 18-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ദില്ലിയിലെ ഭാരത് മണ്ഡപത്തില്‍ ശനിയാഴ്ച തുടക്കമാകും. ഇരുപതിലധികം ലോക നേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അറുനൂറിലധികം വിദേശ മാധ്യമപ്രവര്‍ത്തകര്‍ ദില്ലിയിലെത്തുന്നുണ്ട്. ‘പ്രതിരോധം, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി ഒരുമിക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ഔദ്യോഗിക മുദ്രാവാക്യം. ബ്രിക്‌സ് അംഗരാജ്യങ്ങളുടെ പ്രധാന സെഷന്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാക്കള്‍ക്ക് അത്താഴവിരുന്ന് നല്‍കും. നേതാക്കള്‍ ഒന്നിച്ച് ഭാരത് മണ്ഡപം പരിസരത്ത് മരം നടും. ‘ഭാരത് ഇന്നൊവേറ്റ്‌സ്’ എന്ന പ്രദര്‍ശനവും നേതാക്കള്‍ കാണും. ഞായറാഴ്ച അംഗരാജ്യങ്ങളുടെയും പങ്കാളി രാജ്യങ്ങളുടെയും സംയുക്ത സെഷന്‍ നടക്കും. ഉച്ചകോടി ഞായറാഴ്ച ഉച്ചയോടെ സമാപിക്കും.

Scroll to Top