ഉദുമ: ഉദുമയുടെ തലക്കനമാണ് കബഡിയും കായിക രംഗവും താരങ്ങളും അക്കൂട്ടത്തില്‍ ഒരാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉദുമ പള്ളം തെക്കേക്കര 21-ാം വാര്‍ഡില്‍ നിന്ന് ഉദുമ പഞ്ചായത്ത് ഭരണ സമിതിയിലേക്ക് മത്സരിക്കുകയാണ്. ഉദുമയുടെ മാത്രമല്ല ജില്ലയില്‍ തന്നെ അറിയപ്പെടുന്ന കായിക പ്രതിഭയായ പള്ളം നാരായണനാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായാണ് ഈ വാര്‍ഡില്‍ നിന്ന് മത്സരിക്കുന്നത്. നിലവില്‍ യുഡിഎഫിന് മുന്‍ തൂക്കമുള്ള വാര്‍ഡാണിത്. അതുകൊണ്ടുതന്നെയാവാം എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി നാരായണനെ പാര്‍ട്ടി മത്സര രംഗത്ത് ഈ വാര്‍ഡില്‍ ഇറക്കി യത്. സ്‌പോര്‍ട്‌സില്‍ ജില്ലയുടെ നെടുംതൂണാകാന്‍ പ്രാപ്തരായ ഒട്ടനേകം കായിക താരങ്ങളെ സംഭാവന ചെയ്ത ഇടമാണ് ഉദുമയും ഉദുമയിലെ പരിസരപ്രദേശങ്ങളും. ഈ രംഗത്ത് നാരായണന്‍ സംഭാവനകള്‍ ചെറുതല്ല. ഉദുമയില്‍ കായികരംഗത്തെ സംഘാടക മികവിന് പകരംവെക്കാന്‍ നാരായണനോളം പെരുമയില്‍ ഇവിടെ മറ്റൊരാളെ കണ്ടെത്താന്‍ പ്രയാസമാണ്. ആ മികവിന്റെ പിന്‍ബലത്തിലുമാണ് അദ്ദേഹം മത്സര രംഗത്തുള്ളത്. ആ മികവും പെരുമാറ്റത്തിലെ മാന്യതയും മറു പക്ഷത്തോട് കാണിക്കുന്ന വിദ്വേഷവു മില്ലാത്ത സ്വഭാവരീതിയും വോട്ടായിമാറ്റാന്‍ നാരായണന് കഴിയുമോ എന്നാണറിയേണ്ടത്. സ്‌പോര്‍ട്‌സെന്നാല്‍ ജീവ വായു പോലെയാണ് നാരായണന്. ഉദുമയിലും ജില്ലയിലും കബഡി പരിശീലനത്തിലും മത്സര വേദികളിലും മറ്റു കായിക രംഗത്തും തിളങ്ങിനില്‍ക്കുന്ന പള്ളം നാരായണന്‍ 1988ല്‍ സംസ്ഥാന ജൂനിയര്‍ കബഡി ജില്ലാ ടീമിനെ നയിച്ചായിരുന്നു കായിക രംഗത്തേക്കുള്ള തുടക്കം. ഉദുമ പഞ്ചായത്ത് കബഡി അക്കാദമി കണ്‍വീനറായ പള്ളം നാരായണന്‍ നിലവില്‍ കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്, ആം റെസ്ലിംഗ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വെയിറ്റ് ലിഫ്റ്റിംഗ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് അംഗം, കേരള ഒളിമ്പിക് അസോസിയേഷന്‍ അംഗം എന്നീ ഭാരവാഹിത്വവും വഹിക്കുന്നു. മുന്‍ സംസ്ഥാന കബഡി താരവും മികച്ച സംഘാടകനുമാണ്.
ഉദുമ പഞ്ചായത്തില്‍ സ്‌പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പള്ളം നാരായണന്




