ഇന്ത്യാ-അമേരിക്ക സംയുക്ത സൈനികാഭ്യാസം ‘യുദ്ധ് അഭ്യാസി’ന് തുടക്കം

ദില്ലി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള 22-ാമത് സംയുക്ത സൈനികാഭ്യാസമായ ‘യുദ്ധ് അഭ്യാസിന്’ ഉത്തരാഖണ്ഡിലെ ഔലിയില്‍ തുടക്കമായി. ഔലി ഫോറിന്‍ ട്രെയിനിംഗ് നോഡില്‍ നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ ഇരു രാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥരും സേനാംഗങ്ങളും പങ്കെടുത്തു. ഇന്ത്യയുടെ 14 ഇന്‍ഫന്‍ട്രി ഡിവിഷന്‍ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് മേജര്‍ ജനറല്‍ അമരേഷ് ഗുഞ്ചനും അമേരിക്കന്‍ സൈന്യത്തിലെ 11-ാമത് എയര്‍ബോണ്‍ ഡിവിഷന്‍ ബ്രിഗേഡ് കമാന്‍ഡര്‍ കേണല്‍ ബെഞ്ചമിന്‍ ജാക്ക്മാനും ചേര്‍ന്ന് സൈനികരെ അഭിസംബോധന ചെയ്തു. ഇരു രാജ്യങ്ങളില്‍ നിന്നുമായി 600 വീതം ആകെ 1,200 സൈനികരാണ് ഈ അഭ്യാസപ്രകടനങ്ങളില്‍ അണിനിരക്കുന്നത്.

ഉത്തരാഖണ്ഡിലെ ഔലിക്കു പുറമെ രാജസ്ഥാനിലെ മഹാജന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ചിലും സൈനികാഭ്യാസം നടക്കുന്നുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് ഇത്തവണ പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. നിരീക്ഷണ ഡ്രോണുകള്‍, സ്വയം പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള പരിശീലനവും രാജസ്ഥാനിലെ ഫയറിങ് റേഞ്ചില്‍ അത്യാധുനിക ആയുധങ്ങളുടെ പ്രദര്‍ശനവും ഇതിന്റെ ഭാഗമായി നടക്കും. ഈ സൈനികാഭ്യാസം ഇന്ത്യ-അമേരിക്ക പ്രതിരോധ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കരസേന വ്യക്തമാക്കി.

Scroll to Top