2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഫീസ്: പെട്രോള്‍ പമ്പുകളെ ഒഴിവാക്കി തരണമെന്ന് ആവശ്യം

ഡല്‍ഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസില്‍ നിന്ന് പെട്രോള്‍ പമ്പുകളെ ഒഴിവാക്കി തരണമെന്ന് പെട്രോളിയം ഡീലര്‍മാരുടെ അസോസിയേഷന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ധനമന്ത്രി നിര്‍മ്മല സീതാരാമന് കത്തയച്ചു.

എണ്ണ വ്യാപാര കമ്പനികള്‍ പമ്പുകളുടെ വിഹിതം നിശ്ചയിക്കുന്നത് ഇടപാട് മൂല്യത്തിന്റെ ശതമാനമായിട്ടല്ല മറിച്ച് ലിറ്റര്‍ അടിസ്ഥാനത്തില്‍ ആണെന്ന് ഡീലര്‍മാര്‍ കത്തില്‍ വ്യക്തമാക്കി. പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് എന്നും കത്തില്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്. 2017 മുതല്‍ കമ്മിഷനില്‍ വര്‍ധനവ് ഉണ്ടായിട്ടില്ല എന്നും ചൂണ്ടിക്കാണിക്കുന്നു. നീക്കം ഡീലര്‍മാരുടെ വരുമാനം കുറയ്ക്കും എന്ന് വ്യക്തമാക്കിയാണ് ആവശ്യം ഉന്നയിച്ചത്.

അതേസമയം, വ്യാപാരികളില്‍ നിന്ന് യുപിഐ ഇടപാടുകളിലെ ഫീസ് വര്‍ധനവിനെതിരെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ പിഴിഞ്ഞ് മോദി ടാക്‌സ് ഈടാക്കുകയാണെന്നാണ് വിമര്‍ശനം.

കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച കോണ്‍ഗ്രസ് മോദി ഡൊണാള്‍ഡ് ട്രംപിന് പ്രീണിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും ആരോപിച്ചു. NOTA എന്ന പദത്തിന് മോദി ഓണ്‍ഗോയിംഗ് ട്രമ്പ് അപ്പീസ്‌മെന്റ് എന്ന പുതിയ അര്‍ഥം നല്‍കിയെന്ന് AICC ജനറല്‍ സെക്രട്ടറി ജയറാം രമേഷ് വിമര്‍ശിച്ചു. VISA മാസ്റ്റര്‍കാര്‍ഡ് കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനാണ് നീക്കമെന്ന് ആരോപണമുണ്ട്. അടുത്തമാസം 15 മുതല്‍ കേന്ദ്രം മറ്റൊരു കൊള്ള തുടങ്ങാന്‍ പോവുകയാണെന്നും കോണ്‍ഗ്രസിന്റെ വിമര്‍ശനം. അതേസമയം UPI മേഖലയെ കൂടുതല്‍ സുസ്ഥിരമാക്കുകയും നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ആണ് ലക്ഷ്യം എന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വിശദീകരിച്ചു. ഉപഭോക്താക്കളില്‍ നിന്ന് ഒരു രൂപപോലും ഫീസ് ഇനത്തില്‍ ഈടാക്കില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. വ്യാപാരികള്‍ ഫീസ് ഉപഭോക്താക്കളിലേക്ക് അടിച്ചേല്‍പ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Scroll to Top