വാഷിംഗ്ടണ്‍: റഷ്യ ഉപരോധ ബില്‍ പാസാക്കി അമേരിക്കന്‍ ജനപ്രതിനിധി സഭ. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങള്‍ക്കുമേല്‍ നൂറു ശതമാനം വരെ തീരുവ ചുമത്താന്‍ അമേരിക്കന്‍ പ്രസിഡന്റിന് അനുവാദം നല്‍കാം. ബില്‍ പാസായത് 159-നെതിരെ 262 വോട്ടിന്. ബില്ലില്‍ പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ നിയമമാകും. ലിന്‍ഡ്സി ഗ്രഹാം സാങ്ഷനിങ് റഷ്യ ആന്റ് ഇറാന്‍ ആക്ട് ഓഫ് 2026 എന്നാണ് ബില്ലിന്റെ പേര്. ബില്‍ കഴിഞ്ഞ മാസം 11നെതിരെ 86 വോട്ടുകള്‍ക്ക് സെനറ്റില്‍ പാസാക്കിയിരുന്നു.
അതേസമയം അമേരിക്കയുടെ റഷ്യന്‍ ഉപരോധ ബില്‍ ഇന്ത്യയ്ക്ക് കനത്ത പ്രത്യാഘാതത്തിന് സാധ്യത. ബില്ലില്‍ ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട് നിര്‍ണായകമാകും. 100 ശതമാനം തീരുവ ഏര്‍പ്പെടുത്തിയാല്‍ നീക്കം വ്യാപാര കരാറിനെ ദുര്‍ബലമാക്കും. ഇന്ത്യന്‍ വ്യാപാരികളും കര്‍ഷകരും കടുത്ത തിരിച്ചടി നേരിടും. പണപ്പെരുപ്പം വര്‍ധിക്കും. റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറയ്‌ക്കേണ്ടി വന്നാല്‍ ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും.
തീരുവ ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ ഇറക്കുമതി ചിലവ് വര്‍ദ്ധിപ്പിക്കും. ഇതോടെ രൂപയുടെ മൂല്യം വീണ്ടും ഇടിയും. എണ്ണ വിലയും വ്യാവസായിക ചെലവും വര്‍ദ്ധിക്കും. തീരുവ നയം ഇന്ത്യ അമേരിക്ക നയതന്ത്ര വ്യാപാര ബന്ധത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാക്കും. ബില്‍ നിയമമായാല്‍ ഇന്ത്യയ്ക്കുമേല്‍ 100% തീരുവ പ്രാബല്യത്തില്‍ വരുന്നില്ല. നീക്കങ്ങള്‍ നിരീക്ഷിച്ച് വരികയാണ് ഇന്ത്യ.




