30 പന്തില്‍ അഭിഷേകിന് സെഞ്ച്വറി, രോഹിതിന്റെ റെക്കോര്‍ഡ് തകര്‍ത്തു, അഫ്ഗാനെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

ന്യൂഡല്‍ഹി: 11 സിക്സര്‍, 9 ഫോറുകള്‍! 30 പന്തുകളില്‍ സെഞ്ച്വറി നേടി റെക്കോര്‍ഡിട്ട അഭിഷേക് ശര്‍മയുടെ താണ്ഡവമായിരുന്നു അഫ്ഗാനിസ്ഥാനെതിരെ കണ്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20യില്‍ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുന്നു. പത്ത് ഓവര്‍ പിന്നിടുമ്പോള്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ 151 റണ്‍സെടുത്തിട്ടുണ്ട്. സഞ്ജു സാംസണ്‍ 28 പന്തുകളില്‍ 42 റണ്‍സുമായി ഒരു ഭാഗത്ത് സ്‌കോര്‍ ഉയര്‍ത്തുന്നു. തിലക് വര്‍മയാണ് ഒപ്പം ക്രീസിലുള്ളത്.

ആദ്യ ആറ് ഓവറുകളില്‍ തന്നെ ഇന്ത്യ നൂറ് റണ്‍സ് പിന്നിട്ടിരുന്നു. ടി20 പവര്‍പ്ലേയില്‍ 22 പന്തുകളില്‍ 76 റണ്‍സാണ് അഭിഷേക് അടിച്ചുകൂട്ടിയത്. പവര്‍പ്ലേയില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 2023 ല്‍ പോര്‍ച്ചുഗലിന്റെ കുല്‍ദീപ് ഗോലിയ മാള്‍ട്ടക്കെതിരെ 25 പന്തുകളില്‍ 74 റണ്‍സടിച്ചത് രണ്ടാം സ്ഥാനത്തായി. 2024 ല്‍ ഓസ്ട്രേലിയയുടെ ട്രവിസ് ഹെഡ് സ്‌കോട്ലന്‍ഡിനെതിരെ 22 പന്തുകളില്‍ 73 റണ്‍സ് നേടിയതാണ് മൂന്നാം സ്ഥാനത്ത്.

ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ പല റെക്കോര്‍ഡുകളും അഭിഷേക് ശര്‍മ തൂക്കി. ടി20യില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന അതിവേഗ സെഞ്ച്വറിയാണിത്. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ 35 പന്തുകളിലെ സെഞ്ച്വറി റെക്കോര്‍ഡാണ് തിരുത്തിയത്. ഐ സി സിയിലെ പൂര്‍ണ അംഗത്വമുള്ള ഒരു രാജ്യത്തിലെ താരം നേടുന്ന ഏറ്റവും വേഗമേറിയ ടി20 സെഞ്ച്വറിയെന്ന റെക്കോര്‍ഡും അഭിഷേക് സ്വന്തമാക്കി. 33 പന്തില്‍ ദക്ഷിണാഫ്രിക്കയുടെ ഫിന്‍ അലന്‍ സെഞ്ച്വറി നേടിയതാണ് ഇവിടെ തകര്‍ക്കപ്പെട്ടത്. അഫ്ഗാനെതിരായ ആദ്യ മത്സരത്തിലും അഭിഷേക് വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തിരുന്നു. 32 പന്തില്‍ 82റണ്‍സായിരുന്നു താരം നേടിയത്. ആദ്യ രണ്ട് മത്സരവും ഇന്ത്യ ജയിച്ചിരുന്നു.

Scroll to Top