അമേരിക്കയുടെ തീരുവ ഭീഷണി ; റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന സൂചനയുമായി ഇന്ത്യ

അമേരിക്കയുടെ തീരുവ ഭീഷണി മറികടന്ന് റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന സൂചനയുമായി ഇന്ത്യ. അമേരിക്കന്‍ നീക്കത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് കേന്ദ്രം ഇതിനോടകം അമേരിക്കയുമായി ചര്‍ച്ച നടത്തി. റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങള്‍ക്ക് നൂറ് ശതമാനം അധികതീരുവ ചുമത്താനുള്ള ബില്‍ കഴിഞ്ഞ ദിവസം യുഎസ് കോണ്‍ഗ്രസ് പാസാക്കിയിരുന്നു.

ഉപരോധബില്‍ പാസാക്കിയാണ് റഷ്യന്‍ എണ്ണ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന, തുര്‍ക്കി, സ്ലോവാക്യ, ഹംഗറി എന്നീ രാജ്യങ്ങള്‍ക്ക് നൂറ് ശതമാനം വരെ അധികതീരുവ ചുമത്താനുള്ള നീക്കം. എന്നാല്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്.

ഇന്ത്യക്ക് ഊര്‍ജ സുരക്ഷ പ്രധാനമാണെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് വിദേശകാര്യമന്ത്രാലയം. പര്യാപ്തവും മിതമായ നിരക്കിലും ഉള്ള ഊര്‍ജവും ഉറപ്പാക്കുന്നത് തുടരുമെന്ന് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്ര പ്രതികരിച്ചു. വിപണി സാഹചര്യം അനുസരിച്ച് റഷ്യ അടക്കം ഒന്നിലധികം സാധ്യതകളാണ് ഇന്ത്യ തേടുന്നത്.

റഷ്യയെ പൂര്‍ണ്ണമായി തഴയണമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. എന്നാല്‍ വ്യാപാര സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാം നടപടികളും സ്വീകരിക്കുമെന്ന് ഇന്ത്യയുടെ മറുപടി. അമേരിക്കയുടെ പ്രതികാര നയം വ്യാപാര കരാറിനെ അടക്കം ബാധിക്കുമെന്നിരിക്കെ ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങളെ നിരീക്ഷിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

Scroll to Top