ലോക തീരദേശ ശുചീകരണ ദിനാചരണം:ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം

ബേക്കല്‍: ബേക്കല്‍ കടല്‍ത്തീരത്തിനായി കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും. ലോക തീരദേശ ശുചീകരണ ദിനാചരണത്തോടനുബന്ധിച്ച് നാഷണല്‍ സര്‍വ്വീസ് സ്‌കീമി (എന്‍എസ്എസ്)ന്റെ നേതൃത്വത്തില്‍ നടത്തിയ ശുചീകരണത്തില്‍ ശേഖരിച്ച് സംസ്‌കരിച്ചത് ഏഴ് ക്വിന്റല്‍ മാലിന്യം. ഇതില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക് മാലിന്യവും-403 കിലോ. പേപ്പര്‍, ഗ്ലാസ്, മെറ്റല്‍, തുണി, റബ്ബര്‍ മാലിന്യങ്ങളാണ് മറ്റുള്ളവ.

സ്വഛ് സാഗര്‍, സുരക്ഷിത് സാഗര്‍ എന്ന ക്യാംപയിന്റെ ഭാഗമായി സര്‍വകലാശാലയിലെ എന്‍വയോണ്‍മെന്റല്‍ സയന്‍സ് വിഭാഗം, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി (എന്‍ഐഒടി), പള്ളിക്കര ഗ്രാമപഞ്ചായത്ത്, ബേക്കല്‍ റിസോര്‍ട്സ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ (ബിആര്‍ഡിസി), ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി), മഹയൂബ ഇക്കോ സൊലൂഷന്‍സ്, ബേക്കല്‍ ബീച്ച് പാര്‍ക്ക്, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെയാണ് ശുചീകരണ യജ്ഞം നടന്നത്.

രാവിലെ ഏഴ് മണിക്ക് തുടങ്ങിയ ശുചീകരണം ഉച്ചയായപ്പോഴാണ് അവസാനിച്ചത്. തീരത്ത് ചിതറിക്കിടന്ന പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് തരംതിരിക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു. തീര സംരക്ഷണത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം ബോധവത്കരണം അനിവാര്യമാണെന്ന് വിശദീകരിച്ചു. ക്ലാസ് മുറികളിലെ പഠനത്തിനപ്പുറം, സമൂഹം നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കാനും പരിഹരിക്കാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയാണ് സര്‍വകലാശാലയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഡിടിപിസി സെക്രട്ടറി ജിജേഷ് കുമാര്‍ ജെ.കെ. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശോഭന ടി, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ജയ് പി. ബാല്‍, ബിആര്‍ഡിസി ജനറല്‍ മാനേജര്‍ രവീന്ദ്രന്‍ കെ.എം, മഹയൂബ ഇക്കോ സൊലൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ കുഞ്ഞബ്ദുള്ള യു.കെ, ബേക്കല്‍ ബീച്ച് പാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ കെ. അബ്ദുള്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. എസ്. അന്‍ബഴഗി സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ ഡോ. ഗീത സി.എ. നന്ദിയും പറഞ്ഞു.

Scroll to Top