കാസര്‍കോട്: കടവരാന്തയില്‍ സുഹൃത്തിനെ കൈകൊണ്ടും പട്ടികകൊണ്ടും അടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ട് വര്‍ഷം അധിക ശിക്ഷ അനുഭവിക്കണം. കാസറഗോഡ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി രജിത ടി.എച്ച്. ആണ് ശിക്ഷ വിധിച്ചത്.
ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കൊട്ടിക്കുളത്ത് 2021 ഏപ്രില്‍ 14ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കര്‍ണാടകയിലെ ഹിരാഹട്ടിയിലെ ദ്യമപ്പ (59) ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ പ്രതിയായ കര്‍ണാടക ബാഗല്‍കോട്ട് സ്വദേശി ഉമേഷ് ഗൗഡ നരസപ്പൂര്‍ s/o ശങ്കര ഗൗഡ, ദ്യമപ്പയെ കൈകൊണ്ടും പട്ടികകൊണ്ടും തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഐ.പി.സി. 302-ാം വകുപ്പ് പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസില്‍ പ്രോസിക്യൂഷന്‍ 1 മുതല്‍ 30 വരെയുള്ള സാക്ഷികളെ വിസ്തരിക്കുകയും നിരവധി രേഖകള്‍ കോടതിയില്‍ ഹാജരാക്കി പരിശോധിക്കുകയും ചെയ്തു. അന്നത്തെ ബേക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍ ബാബു ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്, തുടര്‍ന്ന് ബേക്കല്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പ്രതീഷ് ടി.വി. പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.
പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. ഇ. ലോഹിതാക്ഷന്‍, അഡ്വ. ആതിര ബാലന്‍ എന്നിവര്‍ ഹാജരായി.




