റഷ്യന്‍ എണ്ണ ഇറക്കുമതിക്ക് 100% തീരുവയ്ക്കുള്ള യുഎസ് നീക്കത്തിനെതിരെ ആഗോള വേദികളില്‍ കടുത്ത നിലപാടറിയിക്കാന്‍ ഇന്ത്യ; ട്രംപ്-ഷീ ചര്‍ച്ചയും നിര്‍ണായകം

ദില്ലി: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 100% വരെ തീരുവ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ അന്താരാഷ്ട്ര വേദികളിലും ശക്തമായ എതിര്‍പ്പറിയിക്കാന്‍ തീരുമാനിച്ച് ഇന്ത്യ. അടുത്തയാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഐക്യരാഷ്ട്രസഭയില്‍ നടത്തുന്ന പ്രസംഗത്തിലും ഏകപക്ഷീയ തീരുവകള്‍ക്കെതിരായ നിലപാട് വ്യക്തമാക്കിയേക്കും. വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ ജി ഇരുപത് യോഗത്തിലും ഇക്കാര്യം ഉന്നയിക്കും. ഈ മാസം 24 ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായി ഡോണള്‍ഡ് ട്രംപ് നടത്താന്‍ പോകുന്ന ചര്‍ച്ചയില്‍ എന്തുണ്ടാകുമെന്നും ഇന്ത്യ നിരീക്ഷിക്കുകയാണ്. അതേസമയം 100% തീരുവ വരെ ഏര്‍പ്പെടുത്താനുള്ള അധികാരം ഡോണള്‍ഡ് ട്രംപിന് യു എസ് കോണ്‍ഗ്രസ് നല്‍കിയതോടെ ഇന്ത്യ – അമേരിക്ക വ്യാപാര കരാര്‍ ചര്‍ച്ചകളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

വ്യാപാര കരാറില്‍ എന്ത് സംഭവിക്കും

ഏതുസമയവും വ്യാപാര കരാര്‍ ഒപ്പുവെക്കാം എന്നായിരുന്നു നേരത്തെ ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ സെര്‍ജിയോ ഗോര്‍ വ്യക്തമാക്കിയത്. എന്നാല്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതിലെ അധിക തീരുവയെക്കുറിച്ച് വ്യക്തതയുണ്ടാകേണ്ടത് ഈ ചര്‍ച്ചകള്‍ മുന്നോട്ടുപോകാന്‍ അനിവാര്യമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഏകപക്ഷീയ തീരുമാനത്തിനെതിരെ അടുത്തിടെ നടന്ന ബ്രിക്‌സ് ഉച്ചകോടി പ്രമേയം പാസാക്കിയിരുന്നു. ഇതേ നിലപാട് എസ് ജയശങ്കര്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ നടത്തുന്ന പ്രസംഗത്തിലും പറയാനാണ് സാധ്യത. ജി 20 രാജ്യങ്ങളിലെ വാണിജ്യമന്ത്രിമാരുടെ യോഗത്തിനായി ഈ മാസം പിയൂഷ് ഗോയലും അമേരിക്കയില്‍ എത്തും. ഈ യോഗത്തിലും അധിക തീരുവക്കെതിരെ കടുത്ത നിലപാട് ഇന്ത്യ സ്വീകരിക്കാനാണ് സാധ്യത. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അവകാശമുണ്ടെന്ന് ഇന്നലെ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞിരുന്നു. കഴിഞ്ഞ മാസം ആകെ ക്രൂഡ് ഓയിലിന്റെ 51 ശതമാനവും റഷ്യയില്‍ നിന്നാണ് ഇന്ത്യ വാങ്ങിയത്. എന്നാല്‍ അമേരിക്ക നിലപാട് കടുപ്പിച്ചാല്‍ റിലയന്‍സ് അടക്കമുള്ള കമ്പനികള്‍ വീണ്ടും ഇത് വെട്ടിക്കുറയ്ക്കാന്‍ സാധ്യതയുണ്ട്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായി ഈ മാസം 24 ന് ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. ഈ ചര്‍ച്ചയില്‍ റഷ്യന്‍ എണ്ണ ഇറക്കുമതിയെക്കുറിച്ച് എന്ത് തീരുമാനമുണ്ടാകും എന്നതും ഇന്ത്യ ഉറ്റുനോക്കുകയാണ്. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് തീരുവ ചുമത്താനുള്ള ബില്‍ പാസായതിനെ യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലെന്‍സ്‌കി സ്വാഗതം ചെയ്തു. റഷ്യയില്‍ നിന്ന് നിലവില്‍ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൈനയാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയും. തുര്‍ക്കിയും യൂറോപ്യന്‍ യൂറോപ്യന്‍ യൂണിയനിലെ ചില രാജ്യങ്ങളും റഷ്യയില്‍ നിന്ന് വലിയ തോതില്‍ എണ്ണ വാങ്ങുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Scroll to Top