ബംഗാളില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നു; പിന്മാറിയ മമത പക്ഷ സ്ഥാനാര്‍ഥി വീണ്ടും മത്സരരംഗത്ത് മടങ്ങിയെത്തി

കൊല്‍ക്കത്ത: ഉപതിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നു. മത്സരത്തില്‍ നിന്ന് പിന്മാറിയ മമത പക്ഷ സ്ഥാനാര്‍ത്ഥി വീണ്ടും മത്സര രംഗത്ത് മടങ്ങി എത്തി. മമത പക്ഷ സ്ഥാനാര്‍ത്ഥി റബീഉല്‍ ആലം ചൗധരിയാണ് നിലപാട് മാറ്റി മത്സര രംഗത്ത് മടങ്ങി എത്തിയത്. മമത ബാനര്‍ജിയുമായി ആശയ വിനിമയം നടത്തിയതിന് പിന്നാലെയാണ് നിലപാട് മാറ്റം.

അതിനിടെ നന്ദിഗ്രാമില്‍ മമത പിന്തുണച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലന്‍ പ്രധാനെ ഒക്ടോബര്‍ 3 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 2007 ലെ കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് പ്രധാനെ അറസ്റ്റ് ചെയ്തത്. പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി വേട്ടയാടുന്നു എന്ന് മമത ബാനര്‍ജി ആരോപിച്ചു. നന്ദിഗ്രാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ അറസ്റ്റ് ചെയ്ത സംഭവം ദേശീയപ്രക്ഷോഭമാക്കി മാറ്റും എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഇരുവിഭാഗങ്ങള്‍ക്കും ഇന്നലെ ചിഹ്നം അനുവദിച്ച് കിട്ടിയതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സുവേന്തു അധികാരിയെ സന്ദര്‍ശിച്ചതിന് പിന്നാലെ മമത പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥി സഞ്ചിത പ്രധാന്‍ നന്ദിഗ്രാമിലെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ ആറിലെ ഉപതിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമിലും അസമിലും രാജ്യത്തിന്റെ വിശാല താല്പര്യങ്ങളെ മുന്‍നിര്‍ത്തി കോണ്‍ഗ്രസിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. എന്നാല്‍ ഇതിന് പിന്നാലെ നന്ദിഗ്രാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലന്‍ പ്രധാന്‍ അറസ്റ്റിലായി. മിലന്റെ പേരില്‍ ഉണ്ടായിരുന്ന പഴയ കൊലപാതക കേസ് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. ഇതിന് പിന്നാലെയാണ് മുമ്പ് മത്സരത്തില്‍ നിന്ന് പിന്മാറിയ റബീഉല്‍ ആലം ചൗധരി വീണ്ടും രെജിനഗറില്‍ മത്സരത്തിന് ഇറങ്ങുമെന്ന് അറിയിച്ചിരിക്കുന്നത്.

Scroll to Top