അമേരിക്കയുമായുള്ള സമാധാന ധാരണ പുനസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഇറാന്‍; പാക് ആഭ്യന്തര മന്ത്രി ഇറാനിലേക്ക്

ടെഹ്‌റാന്‍: അമേരിക്കയുമായുള്ള സമാധാന ധാരണ പുനസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഇറാന്‍. ഇറാന്‍ ആഭ്യന്തര വകുപ്പ് വക്താവ് ആണ് ഇക്കാര്യം അറിയിച്ചത്. പാക് ആഭ്യന്തര മന്ത്രി മുഹ്‌സിന്‍ നഖ്‌വി ചര്‍ച്ചകള്‍ക്കായി അടുത്ത ദിവസം ഇറാനിലെത്തും. ഇറാനും ഹൂത്തികളും വിവിധ തലത്തില്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ സങ്കീര്‍ണമായ സ്ഥിതിയിലേക്ക് മേഖലയെ എത്തിച്ചിരിക്കുകയാണ്. ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളും സുരക്ഷാ ഭീഷണിയും അടക്കം ചര്‍ച്ച ചെയ്യുന്നതിനാണ് പാക് ആഭ്യന്തര മന്ത്രി ഇറാനില്‍ എത്തുന്നത്.

പശ്ചിമേഷ്യയിലെ നിര്‍ണായക സമുദ്രപാതകളിലെ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍, തടസ്സമില്ലാത്ത ഊര്‍ജ്ജ വിതരണവും കപ്പലുകളുടെ സുരക്ഷിതവും വേഗത്തിലുള്ളതുമായ ഗതാഗതവും ഉറപ്പാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി ശനിയാഴ്ച നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടു. വികസ്വര രാജ്യങ്ങള്‍ക്കും ആഗോള വിതരണ ശൃംഖലകള്‍ക്കും ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത്, തടസ്സമില്ലാത്ത ഊര്‍ജ്ജ വിതരണവും കപ്പലുകളുടെ സുരക്ഷിതവും വേഗത്തിലുള്ളതുമായ നീക്കവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി എന്നാണ് പാക് വിദേശകാര്യ മന്ത്രി പറഞ്ഞത്. മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ഏക പ്രായോഗിക മാര്‍ഗ്ഗം ചര്‍ച്ചകളും നയതന്ത്രവും മാത്രമാണെന്നും താന്‍ പറഞ്ഞതായി പാക് വിദേശകാര്യ മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. പിന്നാലെയാണ് മുഹ്‌സിന്‍ നഖ്വി ഇറാനില്‍ എത്തുന്നത്. ഹൂത്തികള്‍ക്കായുള്ള സന്ദേശം കൈമാറാനാണ് യാത്രയെന്നാണ് റിപ്പേര്‍ട്ടുകള്‍.

ഹൂതി ആക്രമണം രൂക്ഷമായതോടെ ബാബ് അല്‍-മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതവും സുരക്ഷാ ഭീഷണി നേരിടുകയാണ്. അതിനിടെ സൗദിക്കെതിരായ ആക്രമണത്തില്‍ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ഹൂത്തികള്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ടുകള്‍. വിമാനത്താവളത്തിലെ ഇന്ധന ഡിപ്പോയ്ക്ക് സമീപം പുക ഉയര്‍ന്നതായി വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രാത്രിയില്‍ സൗദിയിലെ പത്ത് മേഖലകളിലേക്കാണ് ഹൂത്തികള്‍ ആക്രമണം നടത്തിയത്. സൗദി, ജിദ്ദ, ഖമീസ് മുഷൈത്ത് ഉള്‍പ്പടെയാണിത്. യാംബുവിലേക്കുള്ള പൈപ്പ് ലൈനും ചെങ്കടല്‍ വഴിയുള്ള നീക്കവും താറുമാറായതോടെ അടുത്ത മാസം എണ്ണയെത്തില്ലെന്ന് യൂറോപ്പിലെ രണ്ട് റിറൈനറികളെ സൗദി അറിയിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്.

Scroll to Top