റാണിപുരം അഡ്വഞ്ചര്‍ പാര്‍ക്ക് വീണ്ടും തുറന്നത് സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കി : അടിസ്ഥാനരഹിതമായ പ്രചരണങ്ങളില്‍ വ്യക്തത വരുത്തി മാനേജ്മെന്റ്

കാഞ്ഞങ്ങാട്:
റാണിപുരത്ത് പ്രവര്‍ത്തിക്കുന്ന അഡ്വഞ്ചര്‍ പാര്‍ക്ക് വീണ്ടും തുറന്നു പ്രവര്‍ത്തിച്ചത് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണെന്ന് കേരള അഡ്വഞ്ചര്‍ ടൂറിസം സൊസൈറ്റി പ്രതിനിധികള്‍ അറിയിച്ചു.
സന്ദര്‍ശകരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും പാര്‍ക്ക് മാനേജ്മെന്റ് അറിയിച്ചു.
അപകടങ്ങള്‍ മേലില്‍ ഒരിടത്തും ആവര്‍ത്തിക്കാതിരിക്കാന്‍ സാങ്കേതിക വിദഗ്ദ്ധരുടെ നിര്‍ദ്ദേശപ്രകാരം പാര്‍ക്കിലെ മുഴുവന്‍ റൈഡുകളിലും സമ്പൂര്‍ണ്ണ സുരക്ഷാ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
മുമ്പ് സിപ്ലൈന്‍ ആരംഭിക്കുന്ന ഭാഗം പൂര്‍ണ്ണമായും തുറന്ന നിലയിലായിരുന്നുവെങ്കില്‍, ഇപ്പോള്‍ അപകട സാധ്യതകള്‍ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ അവിടെ പ്രത്യേക സുരക്ഷാ വാതിലുകള്‍ സ്ഥാപിച്ചു. സിപ്ലൈന്‍ റൈഡ് ആരംഭിക്കുന്ന കൃത്യസമയത്ത് മാത്രം ഡോര്‍ തുറക്കുകയും, റൈഡര്‍ പോയ ഉടന്‍ തന്നെ അടയ്ക്കുകയും ചെയ്യുന്ന സംവിധാനമാണിത്. ഇതിലൂടെ റൈഡര്‍മാര്‍ക്കോ ഓപ്പറേറ്റര്‍മാര്‍ക്കോ അബദ്ധത്തില്‍ കാല്‍വഴുതി വീഴാനുള്ള സാഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കി.ഓപ്പറേറ്റര്‍മാര്‍ക്ക് കര്‍ശനമായ സേഫ്റ്റി ബെല്‍റ്റ് സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്.
റോപ്പ് റൈഡര്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്ത് കൂടുതല്‍ സുരക്ഷാ ഗേറ്റുകളും അധിക ഹാന്‍ഡ്റെയിലുകളും സ്ഥാപിച്ച് സുരക്ഷിതത്വം വര്‍ദ്ധിപ്പിച്ചതായും മാനേജ്‌മെന്റ് അറിയിച്ചു. ഗ്ലാസ് ബ്രിഡ്ജ് ഉള്‍പ്പെടെയുള്ള മറ്റ് ആക്ടിവിറ്റികളിലും സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്.
പ്രവര്‍ത്തി പരിചയമുള്ള ജീവനക്കാരാണ് ഇപ്പോള്‍ മുഴുവന്‍ റൈഡുകളും പ്രവര്‍ത്തിപ്പിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വ്യവസായ നയങ്ങള്‍ക്ക് വിധേയമായി, ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചും നിയമാനുസൃതമായ അനുമതികളോടെയുമാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനമായ പനത്തടി ഗ്രാമപഞ്ചായത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുകയും പഞ്ചായത്ത് ആവശ്യപ്പെടുന്ന എല്ലാ സാങ്കേതിക പരിശോധനകളോടും പൂര്‍ണ്ണമായി സഹകരിക്കുകയും ചെയ്യും. ആവശ്യമായ എല്ലാ സുരക്ഷാ രേഖകളും സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട അധികാരികള്‍ക്ക് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.
ജില്ലയുടെ ടൂറിസം വികസനത്തിനും സഞ്ചാരികള്‍ക്ക് സുരക്ഷിതമായ അനുഭവം പകരുന്നതിനും പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുന്ന ഈ സംരംഭത്തിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും, യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി എല്ലാ വിഭാഗം ജനങ്ങളും,സന്ദര്‍ശകരും സഹകരിക്കണമെന്നും പാര്‍ക്ക് മാനേജ്മെന്റ് അഭ്യര്‍ത്ഥിച്ചു.

Scroll to Top