ഓപ്പറേഷന്‍ തൂഫാന്‍ ചിത്രം ഡെയിഞ്ചറസ് വൈബ് പ്രദര്‍ശിപ്പിച്ചു;കല്ലട്ര മാഹിന്‍ എം.എല്‍.എ പ്രദര്‍ശനോദ്ഘാടനം നിര്‍വഹിച്ചു

ലഹരി ഉന്മൂലനം ലക്ഷ്യമിട്ട് ആഭ്യന്തരവകുപ്പ് സംസ്ഥാനത്ത് നടത്തുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി കേരള നിയമസഭയില്‍ പ്രദര്‍ശിപ്പിച്ച
ഡെയിഞ്ചറസ് വൈബ് സിനിമ കാസര്‍കോട് ജില്ലയില്‍ മെഹബൂബ് തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. കല്ലട്ര മാഹിന്‍ എം.എല്‍.എ പ്രദര്‍ശനോദ്ഘാടനം നിര്‍വഹിച്ചു.
പുതിയ തലമുറ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് എന്നും ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ഈ സിനിമ പ്രദര്‍ശിപ്പിക്കേണ്ടതുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
സമകാലിക സമൂഹത്തില്‍ ഏറ്റവും പ്രാധാന്യമുള്ള വിഷയത്തെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച സംവിധായകനെയും സിനിമയുടെ പിന്നണി പ്രവര്‍ത്തകരെയും എം.എല്‍.എ അഭിനന്ദിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ കെ.ബി മുഹമ്മദ് കുഞ്ഞി, എം. ജനനി, വസന്തന്‍ അജക്കോട്, കെ.എ അബ്ദുല്ലകുഞ്ഞി, സിവില്‍ എക്‌സൈസ് ഓഫീസര്‍ അഭിലാഷ്, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിമുക്തി കോഡിനേറ്റര്‍ സ്‌നേഹ ലഹരിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംവിധായകന്‍ ഫൈസല്‍ ഹുസൈന്‍ മറുപടി പ്രസംഗം നടത്തി. 2024ല്‍ 22 കാരനായ ലഹരിക്കടിപ്പെട്ട മകന്‍ മകന്‍ ഉമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സിനിമയുടെ തുടക്കം എന്ന് സംവിധായകന്‍ പറഞ്ഞു. ചടങ്ങിന്റെ കോഡിനേറ്റര്‍ മാരായ ഷാഫി കൂരിപ്പള്ളം സ്വാഗതവും അബ്ദുല്‍ റഹ്‌മാന്‍ ചാത്തപ്പടി നന്ദിയും പറഞ്ഞു.

ജില്ലയിലെ വിവിധ വിദ്യാലയമുള്ള വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും സിനിമ കാണാനെത്തി.

എസ്.ഐ സഹദേവന്റെ നേതൃത്വത്തില്‍ നടക്കുന്ന ലഹരി വേട്ടയും അന്വേഷണവും ആണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. പാഠ്യപാഠ വിഷയങ്ങളില്‍ മിടുക്കനായി മുന്നേറുകയായിരുന്ന വിനീത് എന്ന ചെറുപ്പക്കാരന്‍ ലഹരി മാഫിയയുടെ കെണിയില്‍പ്പെടുന്നതും തുടര്‍ന്ന് കുടുംബത്തില്‍ നടക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളും കാഴ്ചക്കാരന്റെ ഹൃദയം സ്പര്‍ശിക്കും.

Scroll to Top