ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗില്‍ മൂന്ന് മെഡല്‍ കൂടി സ്വന്തമാക്കി ഇന്ത്യ

ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ മൂന്ന് മെഡല്‍ കൂടി സ്വന്തമാക്കി ഇന്ത്യ. പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ ഹിമാന്‍ഷു ധില്ലന്‍ വെള്ളിയും രുദ്രാംക്ഷ് പാട്ടീല്‍ വെങ്കലവും നേടി. പുരുഷ ടീ ഇനത്തിലും ഇന്ത്യ വെള്ളി നേടി.മിക്സഡ് മാര്‍ഷല്‍ ആര്‍ട്‌സില്‍ സുചിക തരിയാല്‍ വെങ്കലവും സ്വന്തമാക്കി.കബഡി, ഹോക്കി, ബോക്‌സിങ് ഇനങ്ങളിലും ഇന്ത്യ നേട്ടമുണ്ടാക്കി.

ജപ്പാനില്‍ ഇന്ത്യന്‍ താരങ്ങള്‍ മെഡല്‍ വെടിവെച്ചിടുന്നത് തുടരുകയാണ്. ഏഷ്യന്‍ ഗെയിംസിന്റെ രണ്ടാം ദിനം തുടങ്ങിയത് ആദ്യദിനത്തിന് സമാനമായി. ഇന്നലെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വനിതാ ടീം വെള്ളി നേടിയപ്പോള്‍ ഇന്ന് പുരുഷ ടീമും ഇതേ നേട്ടം ആവര്‍ത്തിച്ചു.രുദ്രാംക്ഷ് പാട്ടീല്‍, ഹിമാന്‍ഷു ധില്ലന്‍, പാര്‍ഥ് രാകേഷ് മാനെ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം 1890.1 പോയിന്റുമായാണ് വെള്ളി നേടിയത്.

ചൈനീസ് സഖ്യമാണ് ഇന്ത്യയെ പിന്തള്ളി സ്വര്‍ണം സ്വന്തമാക്കിയത്.വ്യക്തിഗത ഫൈനലില്‍ ഹിമാന്‍ഷു ധില്ലന്‍ 252.4 പോയിന്റുമായി വെള്ളി നേടി. ആദ്യം മികച്ച ലീഡ് ഉണ്ടായിരുന്ന രുദ്രാംക്ഷ് പാടട്ടീലിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ചൈനയുടെ ഷെങ് ലിഹാവോയാണ് സ്വര്‍ണം നേടിയത്.ഗെയിംസില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ മിക്സഡ് മാര്‍ഷല്‍ ആര്‍ട്‌സില്‍ വനിതകളുടെ ട്രെഡീഷണല്‍ 60 കിലോഗ്രാം വിഭാഗത്തില്‍ സുചിക തരിയാല്‍ വെങ്കലം നേടി.

കടുത്ത പോരാട്ടം നടന്ന സെമി മത്സരത്തിന്റെ എക്സ്ട്രാ റൗണ്ടില്‍ സുചികയ്ക്ക് കാലിടറി. കബഡി, ബോക്‌സിങ്, ടേബിള്‍ ടെന്നീസ്, സോഫ്റ്റ് ടെന്നീസ് ഇനങ്ങളില്‍ ഇന്ത്യ പൊതുവില്‍ നേട്ടമുണ്ടാക്കി. നീന്തലില്‍ 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ ശ്രീഹരി നടരാജ് ഫൈനലില്‍ എത്തിയിട്ടുണ്ട്. നാലു വെള്ളിയും രണ്ടു വെങ്കലവും ഉള്ള ഇന്ത്യ ഗെയിംസില്‍ പത്താം സ്ഥാനത്താണ്. 23 സ്വര്‍ണം ഉള്‍പ്പെടെ മുപ്പത്തിഏട്ട് മേഡലുകളുമായി ചൈനയാണ് ഒന്നാമത്.

Scroll to Top