തീരുവയുദ്ധത്തിനും തായ്വാന്‍ വിഷയത്തിലെ ഭിന്നതകള്‍ക്കുമിടയിലും ട്രംപ്-ഷി കൂടിക്കാഴ്ച; ഉറ്റുനോക്കി ലോകം

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെയും തീരുവ യുദ്ധത്തിന്റെയും പശ്ചാത്തലത്തില്‍ ട്രംപ് – ഷി ചീന്‍ പിങ് കൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങുന്നു. ട്രംപുമായി ചൈനീസ് പ്രസിഡന്റ് ഈ ആഴ്ച തന്നെ കൂടിക്കാഴ്ച നടത്തുമെന്ന് ചൈന സ്ഥിരീകരിച്ചു. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചൈനീസ് പ്രസിഡന്റ് വാഷിങ്ടണിലെത്തുന്നത്. ചര്‍ച്ചകള്‍ വ്യാഴാഴ്ച നടന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്കയും ചൈനയും വ്യാപാര തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും സാങ്കേതികവിദ്യ, സുരക്ഷാ നയം, തായ്വാന്‍ എന്നിവയെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തതിനും ഇടയിലാണ് ഈ കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. പുതിയ തീരുവ നയത്തിലും ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നടന്നേക്കും. അതിനിടെ യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ന്യൂയോര്‍ക്കിലേക്ക് എത്തും. യു എന്‍ പൊതുസഭയ്ക്കിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിട്ടുണ്ട്.

അതേസമയം യുദ്ധത്തില്‍ തോല്‍വി സമ്മതിക്കാന്‍ യുഎസിന് ധൈര്യമില്ലെന്ന് ഐആര്‍ജിസി തുറന്നടിച്ചു. യുദ്ധത്തില്‍ അമേരിക്ക പരാജയപ്പെട്ടുവെന്നും പരാജയം അംഗീകരിക്കാന്‍ യുഎസിന് ധൈര്യമില്ലെന്നുമാണ് ഐആര്‍ജിസി വക്താവ് പറഞ്ഞത്. അതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കറിന് നേരെ വീണ്ടും ആക്രമണം നടന്നു. അപകടത്തില്‍ രണ്ട് ക്രൂ അംഗങ്ങള്‍ക്ക് പരിക്കേറ്റതായും യുകെ മാരിടൈം അസോസിയേഷന്‍ അറിയിച്ചു.

Scroll to Top