ഡാറ്റ പ്ലാന്‍ ഇല്ലാതെ കോളിങ്ങിനും SMSനും മാത്രം പ്രത്യേക റീചാര്‍ജ് പ്ലാന്‍; ആശ്വാസവുമായി ട്രായ്

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസവുമായി ട്രായ്. ഡാറ്റ പ്ലാന്‍ ഇല്ലാതെ കോളിങ്ങിനും എസ്എംഎസിനും മാത്രം പ്രത്യേക റീചാര്‍ജ് പ്ലാനുകള്‍ നല്‍കാന്‍ ട്രായ് ഉത്തരവ്. 30 ദിവസത്തില്‍ താഴെയുള്ള ഹ്രസ്വകാല പ്ലാനുകള്‍ ട്രായ് നിര്‍ബന്ധമാക്കി. ഇനി അനാവശ്യമായി ഡാറ്റ പായ്ക്കുകള്‍ക്ക് പണം നല്‍കേണ്ടതില്ല. വോയ്സ്-എസ്എംഎസ് പ്ലാനുകള്‍ക്ക് നിരക്ക് കുറയും. ഇത് സംബന്ധിച്ച് ടെലികോം കമ്പനികള്‍ക്ക് ട്രായ് നിര്‍ദേശം നല്‍കി.

30 ദിവസത്തില്‍ താഴെയുള്ള ഹ്രസ്വകാല പ്ലാനുകള്‍ ഇനി നിര്‍ബന്ധമാക്കി. ഡാറ്റ ആവശ്യമില്ലാത്തും ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കും ഡാറ്റാ പായ്ക്കുകള്‍ ഭാരമാകുന്നു എന്ന പരാതികളെ തുടര്‍ന്നാണ് ഈ സുപ്രധാന നീക്കം. ടെലികോം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (13-ാം ഭേദഗതി) ചട്ടങ്ങള്‍ പുറത്തിറക്കി. കുറഞ്ഞ കാലാവധിയുള്ള പ്ലാനുകളുടെ ലഭ്യതക്കുറവ് പ്രധാനമായും ബാധിച്ചത് കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കളെയും, വോയ്സ്-എസ്എംഎസ് സേവനങ്ങളോടൊപ്പം ഡാറ്റ കൂടി ഉള്‍പ്പെടുത്തിയുള്ള പ്ലാനുകള്‍ക്കായി പണം മുടക്കാന്‍ ആഗ്രഹിക്കാത്തവരെയുമാണെന്ന് റെഗുലേറ്റര്‍ വ്യക്തമാക്കി. കൂടാതെ, പ്രതിമാസം പുതുക്കാവുന്ന പ്ലാനുകളേക്കാള്‍ കൂടുതല്‍ കാലാവധിയുള്ള കുറഞ്ഞത് ഒരു സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകള്‍ എങ്കിലും ടെലികോം കമ്പനികള്‍ നല്‍കേണ്ടതുണ്ട്.

രാജ്യത്ത് 15 കോടി മൊബൈല്‍ വരിക്കാര്‍ ഇപ്പോഴും 2ജി കണക്ഷന്‍ ഉപയോഗിക്കുന്നു. ഇതില്‍ ഭൂരിഭാഗം ആളുകളും ഇന്റര്‍നെറ്റ് ഉപയോഗിക്കാറില്ലായെന്നും ട്രായ് നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. നിലവില്‍ ലഭ്യമായി കൊണ്ടിരിക്കുന്ന പ്ലാനുകളില്‍ ഡാറ്റ ഉള്‍പ്പെടെയാണ് നല്‍കുന്നത്. ഇതിന് വലിയ ചാര്‍ജാണ് ടെലികോം കമ്പനികള്‍ ഈടാക്കുന്നത്. ഡാറ്റ ആവശ്യമില്ലാത്ത ഉപയോക്താക്കള്‍ പോലും അധിക പണം നല്‍കി റീചാര്‍ജ്ജ് ചെയ്യേണ്ടതായി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ട്രായ് യുടെ പുതിയ നിര്‍ദ്ദേശം

Scroll to Top