പെയിന്‍ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നല്‍കരുത്: മെഡിക്കല്‍ സ്റ്റോറുകള്‍ക്കും വിതരണക്കാര്‍ക്കും കര്‍ശന നിര്‍ദേശം

ഡല്‍ഹി: വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ മരുന്നുകള്‍ വില്‍ക്കാന്‍ പാടില്ലെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്കും വിതരണക്കാര്‍ക്കും നിര്‍ദേശം നല്‍കി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍. സാധാരണ പനിക്കും അണുബാധകള്‍ക്കും സ്വന്തം നിലയില്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കരുതെന്നും നിര്‍ദേശം. അമിത ഉപയോഗം വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ മുന്നറിയിപ്പ് നല്‍കി.

വൃക്കരോഗമുള്ളവര്‍ വേദനസംഹാരികള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഡോക്ടറെ വിവരം അറിയിക്കണം. ഫാര്‍മസിസ്റ്റുകള്‍ സ്വയംചികിത്സ പ്രോത്സാഹിപ്പിക്കരുതെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം. അശാസ്ത്രീയ മരുന്ന് ഉപയോഗം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവെക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു. തലവേദന, ശരീരവേദന, പനി തുടങ്ങിയ സാധാരണ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പലരും സ്വമേധയാ വേദനസംഹാരികള്‍ ഉപയോഗിക്കാറുണ്ട്. അതുപോലെ, ബാക്ടീരിയ അണുബാധയുണ്ടെന്ന് ഉറപ്പാക്കാതെയും ഡോക്ടറുടെ നിര്‍ദേശം ഇല്ലാതെയും ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്ന പ്രവണതയും ആശങ്കയുണ്ടാക്കുന്നതാണ്.

അനാവശ്യമായ ആന്റിബയോട്ടിക് ഉപയോഗം മരുന്നുകളോട് പ്രതിരോധശേഷിയുള്ള ബാക്ടീരിയയുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നതിനാല്‍, ആന്റിബയോട്ടിക്കുകള്‍ ആവശ്യമായ സാഹചര്യത്തില്‍ മാത്രം, ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. പഴയ രോഗത്തിന് നല്‍കിയ ആന്റിബയോട്ടിക് സ്വയം വീണ്ടും ഉപയോഗിക്കരുത്. തുടര്‍ച്ചയായ വേദനയോ മറ്റ് ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ കാരണം കണ്ടെത്തുന്നതിനായി ഡോക്ടറെ സമീപിക്കണമെന്ന് നിര്‍ദേശം.

Scroll to Top