ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: പ്രതി ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം

ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ പ്രതി ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഡല്‍ഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. അടുത്ത മാസം 4 മുതല്‍ 10 വരെയാണ് ഇടക്കാല ജാമ്യം. അതേസമയം, ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷയില്‍ സെപ്റ്റംബര്‍ 30-ന് ഡല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കും.

2020 ല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ നടന്ന കലാപത്തില്‍ ഗൂഡാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡല്‍ഹി പൊലീസ് ഉമര്‍ ഖാലിദിനെയും ഷര്‍ജീല്‍ ഇമാമിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്. ജനുവരിയില്‍ ഷര്‍ജീല്‍ ഇമാമിനും സഹഗൂഢാലോചനക്കാരനെന്ന് ആരോപിക്കപ്പെടുന്ന ഉമര്‍ ഖാലിദിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചിരുന്നു. കലാപത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് കാണിക്കുന്ന പ്രാഥമിക തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ടെന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്.

താഹിര്‍ ഹുസൈന്‍, ഉമര്‍ ഖാലിദ്, ഖാലിദ് സൈഫി, ഇഷാരത്ത് ജഹാന്‍, മീരാന്‍ ഹൈദര്‍, ഗള്‍ഫിഷ ഫാത്തിമ, ഷിഫ ഉര്‍ റഹ്‌മാന്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ (2021ല്‍ ജാമ്യം ലഭിച്ചു), ഷദാബ് അഹമ്മദ്, തസ്ലീം അഹമ്മദ്, സലീം മാലിക്ക്, സലീം ഖാന്‍, അത്താര്‍ ഖാന്‍, സഫൂറ സര്‍ഗര്‍ (അറസ്റ്റിലായപ്പോള്‍ ഗര്‍ഭിണിയായതിനാല്‍ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ജാമ്യം ലഭിച്ചു), ഷര്‍ജീല്‍ ഇമാം, ഫൈസാന്‍ ഖാന്‍, ദേവാംഗന കലിത (ജാമ്യം ലഭിച്ചു), നതാഷ നര്‍വാള്‍ (ജാമ്യം അനുവദിച്ചു) എന്നിവരാണ് കേസിലെ പ്രതികള്‍.

Scroll to Top