ടെഹ്‌റാന്‍: അമേരിക്ക സൈനിക വിന്യാസം നിയന്ത്രിച്ചാല്‍ ഏഴ് ദിവസത്തിനകം ഹോര്‍മൂസ് തുറക്കാമെന്ന ഉപാധി ഇറാന്‍ മുന്നോട്ട് വെച്ചതായി റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം അമേരിക്കയെ അറിയിച്ചതായും ജാപ്പനീസ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിന് തുടക്കമായതോടെ പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങളും മുറുകി. ആക്രമണമുണ്ടായാല്‍ എവിടെയും എത്തിച്ചേരാന്‍ ശേഷിയുള്ള മിസൈലുകള്‍ കൈവശമുണ്ടെന്ന മുന്നറിയിപ്പും ഇറാന്‍ നല്‍കി.
വിശദവിവരങ്ങള്‍
ഇറാന് മേലുള്ള അമേരിക്കയുടെ സൈനിക സമ്മര്‍ദം കുറച്ചാല്‍ ഏഴ് ദിവസത്തിനകം ഹോര്‍മൂസ് തുറക്കാം. ഇതാണ് ഇറാന്‍ മുന്നോട്ട് വച്ച പുതിയ ഉപാധി. തങ്ങളെ വീണ്ടുമാക്രമിക്കാന്‍ അമേരിക്ക ഒരുങ്ങുന്നുണ്ടെന്ന ഇന്റലിജന്‍സ് വിവരം ഇറാന്‍ നേരത്തെ പുറത്തു വിട്ടിരുന്നു. കടുത്ത സാമ്പത്തിക ഉപരോധത്തില്‍ കുടുങ്ങി നാളെ ഇറാന്റെ യാത്രാ വിമാനക്കമ്പനികള്‍ നിശ്ചലമാകുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പും ഇതിനിടെ എത്തിയിട്ടുണ്ട്. യുദ്ധം തീര്‍ക്കാന്‍ ഏഴ് ഉപാധികള്‍ ഇറാന്‍ ഖത്തറിന് കൈമാറിയിരുന്നു. എല്ലാത്തിന്റെയും ആകെത്തുകയാണ് പുതിയ റിപ്പോര്‍ട്ട്. യു എന്‍ സമ്മേളനത്തില്‍ ഇറാന്‍ – അമേരിക്ക നേതാക്കള്‍ തമ്മില്‍ കാണുമോ എന്നതില്‍ ആകാംക്ഷയേറി. അമേരിക്ക കൈകൊടുത്താല്‍, മധ്യസ്ഥര്‍ വഴി ചര്‍ച്ചയുണ്ടാകാനാണ് സാധ്യത. ഗള്‍ഫ് വിദേശകാര്യ മന്ത്രിമാര്‍ സമ്മേളനത്തിന് മുന്നോടിയായി കൂടിക്കാഴ്ച്ച നടത്തി. അമേരിക്കന്‍ ഉപരോധത്തില്‍ ഇറാന്‍ വിമാനക്കമ്പനികളുടെ വിദേശ സര്‍വ്വീസ് തടസ്സപ്പെടില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ചു. ഗള്‍ഫില്‍ ഇറാന്റെ ആക്രമണത്തില്‍ താറുമാറായ ഊര്‍ജ്ജ മേഖലയിലേക്ക് അമേരിക്ക അഞ്ഞൂറ് കോടി ഡോളര്‍ നിക്ഷേപിക്കും. വാള്‍ സ്ട്രീറ്റ് ജേണലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. യു കെ ഇതിനിടെ സൗദിയുടെ പോര്‍ വിമാനങ്ങള്‍ക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാനുള്ള പിന്തുണ നല്‍കും. ഹൂത്തികളെ നേരിടാനാണ് ഇതെന്നാണ് വ്യക്തമാകുന്നത്.




