വീട്ടിലേക്ക് സ്വാഗതം – ഫ്രാന്‍സ് ദേശീയ ഫുട്ബോള്‍ ടീമിന്റെ പരിശീലകനായി സിനദിന്‍ സിദാനെ നിയമിച്ചപ്പോള്‍ ഫ്രഞ്ച് സ്ട്രൈക്കര്‍ കിലിയന്‍ എംബാപെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതാണിത്. ഫ്രാന്‍സ് 1998 ല്‍ നാട്ടില്‍ വെച്ച് ലോകകപ്പ് കിരീടം ആദ്യമായി നേടുമ്പോള്‍ ആ ടീമിന്റെ ഇതിഹാസമായിരുന്നു സിനദിന്‍ സിദാന്‍. കളിക്കാരനായും പരിശീലകനായും തലമുറകളെ പ്രചോദിപ്പിച്ച സിദാന്‍, താനേറെ ആഗ്രഹിച്ച ഫ്രാന്‍സ് ദേശീയ ഫുട്ബോള്‍ ടീമിനൊപ്പമുള്ള യാത്ര സെപ്തംബര്‍ 26ന് ആരംഭിക്കുകയാണ്. അന്നാണ്, സിദാന് കീഴില്‍ ഫ്രാന്‍സ് ആദ്യ മത്സരം കളിക്കാനിറങ്ങുന്നത്.
യുവേഫ നാഷന്‍സ് ലീഗാണ് വേദി. തുര്‍ക്കിയാണ് ആദ്യ എതിരാളി. സെപ്തംബര്‍ 29ന് ബെല്‍ജിയവുമായും കളിയുണ്ട്. എന്നാല്‍, ഫുട്ബോള്‍ ലോകം കാത്തിരിക്കുന്നത് ഒക്ടോബര്‍ മൂന്നിന് നടക്കുന്ന ഫ്രാന്‍സ്-ഇറ്റലി മത്സരത്തിനാണ്. 2006 ലോകകപ്പ് ഫൈനലില്‍ ഇറ്റലിയുടെ മാര്‍കോ മെറ്ററാസിയെ തലകൊണ്ട് കുത്തിയിട്ടതിന് പിന്നാലെ ചുവപ്പ് കാര്‍ഡ് കണ്ടതാണ് സിദാന്റെ ഫുട്ബോള്‍ കരിയറിന് അന്ത്യം കുറിച്ചത്. അന്ന് തല താഴ്ത്തി ഡ്രസിംഗ് റൂമിലേക്ക് നടന്നു നീങ്ങിയ സിദാന്‍ പിന്നീട് കളിക്കാനിറങ്ങിയിട്ടില്ല. കരിയര്‍ അവസാനിപ്പിച്ചു.
പരിശീലകന്റെ കുപ്പായമണിയുമ്പോള്‍ ഇറ്റലിയെ തോല്‍പ്പിച്ചു കൊണ്ട് തുടങ്ങാന്‍ സിദാന്‍ ആഗ്രഹിക്കുന്നുണ്ടാകും. പ്രത്യേകിച്ച് ആ മത്സരം ഫ്രാന്‍സില്‍ വെച്ചാകുമ്പോള്‍. തുര്‍ക്കി, ബെല്‍ജിയം മത്സരം എവേയാണ്.




