തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിനുള്ള നിയമം, ഭരണഘടന ബഞ്ചിന് വിടണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ ഭിന്നവിധി; ‘ചീഫ് ജസ്റ്റിസിന് തീരുമാനിക്കാം’

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിനുള്ള നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ചിന് വിടണമോയെന്നതില്‍ ഭിന്നവിധി. ഹര്‍ജി വിശാല ബഞ്ചിന് വിടണമെന്ന് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയും വേണ്ടെന്ന് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയും അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയും ഒരു മന്ത്രിയും ചേര്‍ന്ന് നിശ്ചയിച്ചാല്‍ കമ്മീഷന്റെ വിശ്വാസ്യത ഉറപ്പാക്കാനാവില്ലെന്ന് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ വിധിയില്‍ പറയുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ സമയ നഷ്ടത്തിന് ഇടയാക്കാതെ നേരിട്ട് അഞ്ചംഗ ബഞ്ച് രൂപീകരിക്കണോ എന്ന് ചീഫ് ജസ്റ്റിസിന് തീരുമാനിക്കാം എന്നതിനോട് രണ്ട് ജഡ്ജിമാരും യോജിച്ചു.

വിശദവിവരങ്ങള്‍

2023ലെ നിയമപ്രകാരം പ്രധാനമന്ത്രി, പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി, ലോക്‌സഭാ പ്രതിപക്ഷനേതാവ് എന്നിവരാണ് ഇലക്ഷന്‍ കമ്മിഷണര്‍മാരുടെ നിയമന സമിതിയിലുള്ളത്. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബഞ്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ സമിതിയില്‍ അംഗമാക്കിയത് മറികടക്കാനാണ് പാര്‍ലമെന്റ് നിയമം പാസാക്കിയത്. നിയമത്തിനെതിരായ ഹര്‍ജികള്‍ ഭരണഘടന ബഞ്ചിന് തന്നെ വിടണമെന്ന് കേസ് കേട്ട രണ്ടംഗ ബഞ്ചിന് മുമ്പാകെ കേന്ദ്രം വാദിച്ചു. ഇക്കാര്യത്തിലാണ് ബഞ്ചിലെ ജസ്റ്റിസ് ദീപാങ്കര്‍ ദത്തയും ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മയും ഭിന്ന നിലപാടെടുത്തത്. നിലവിലെ അഞ്ചംഗം ബഞ്ച് വിധി പ്രകാരം ഇത് തീര്‍പ്പാക്കാവുന്നതേയുള്ളു എന്ന് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത ചൂണ്ടിക്കാട്ടി. നിയമന പ്രക്രിയ ഇപ്പോള്‍ സ്വതന്ത്രമാണോ എന്ന ചോദ്യം പ്രധാനമാണെന്ന് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ നോമിനിയായ ഒരാള്‍ പ്രധാനമന്ത്രിയുടെ നിലപാടിനെ എങ്ങനെ എതിര്‍ക്കുമെന്ന് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത ചോദിച്ചു. ബാറ്റ് ചെയ്യുന്ന ടീമാണ് അമ്പയറെ തിരഞ്ഞെടുക്കുന്നതെങ്കില്‍, അമ്പയര്‍ ശരിയായ തീരുമാനം എടുത്താലും നിഷ്പക്ഷത സംശയിക്കപ്പെടും. കമ്മിഷന്‍ സ്വതന്ത്രമായാല്‍ മാത്രം പോരാ, നിക്ഷപക്ഷമാണെന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടുകയും വേണമെന്നും ജസ്റ്റിസ് ദീപാങ്കര്‍ ദത്ത ചൂണ്ടിക്കാട്ടി. എന്നാല്‍ നിഷ്പക്ഷ വ്യക്തി സമിതിയില്‍ വേണോ എന്ന ചോദ്യം ഭരണഘടന ബഞ്ച് തന്നെ കേള്‍ക്കണമെന്ന് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ നിലപാടെടുത്തു. രണ്ടംഗ ബഞ്ചില്‍ ഭിന്നതയുണ്ടെങ്കില്‍ വിഷയം മൂന്നംഗ ബഞ്ചിലേക്കാണ് പോകേണ്ടത്. എന്നാല്‍ ഇത് സമയ നഷ്ടത്തിന് ഇടയാക്കാതെ നേരിട്ട് അഞ്ചംഗ ബഞ്ച് രൂപീകരിക്കണോ എന്ന് ചീഫ് ജസ്റ്റിസിന് തീരുമാനിക്കാം എന്നതിനോട് രണ്ട് ജഡ്ജിമാരും യോജിച്ചു. ഇത്തരം വിഷയങ്ങളില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാകാന്‍ സ്ഥിരം അഞ്ചംഗ ബെഞ്ച് രൂപീകരിക്കുന്നത് പരിഗണിക്കണമെന്നും കോടതി ശുപാര്‍ശ ചെയ്തു. വിശാല ബഞ്ചിലേക്ക് കേസ് പോകുന്നത് തത്ക്കാലം കേന്ദ്ര സര്‍ക്കാരിന് ആശ്വാസമാണ്.

Scroll to Top