ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; ശത്രുവിന് ഒരു ഇഞ്ച് പോലും വഴങ്ങില്ലെന്ന് ഐആര്‍ജിസി

ഹോര്‍മുസ് കടലിടുക്കിന്റെ പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍. കഴിഞ്ഞ ദിവസം യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ട്രംപ് നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന് പിന്നാലെയാണ് ഇറാന്‍ ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ചത്. അതിനിടെ അമേരിക്കയുടെ വ്യോമയാന ഉപരോധം കൂടുതല്‍ രാജ്യങ്ങള്‍ കൂടി നടപ്പിലാക്കിയതോടെ ഇറാന്‍ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങി.

ഹോര്‍മുസ് കടലിടുക്കിന്റെ പുതിയ പദവി ഇറാനും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്നും ഹോര്‍മുസിലൂടെ കടന്നുപോകണമെങ്കില്‍ ഇരുരാജ്യങ്ങളും തീരുമാനിക്കുന്ന പുതിയ നിയമങ്ങള്‍ അംഗീകരിക്കേണ്ടിവരുമെന്നുമാണ് ഇറാന്‍ അംബാസഡര്‍ കാസിം ജലാലി പറഞ്ഞത്. ഇന്നലെ ന്യൂയോര്‍ക്കില്‍ നടന്ന യുഎസ്, ഇറാന്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പരാമര്‍ശം. അതിനിടെ ശത്രുവിന് ഇറാന്‍ ഒരു ഇഞ്ച് പോലും വഴങ്ങില്ലെന്ന് ഐആര്‍ജിസിയും നിലപാട് വ്യക്തമാക്കി. ഇറാനെതിരായ ട്രംപിന്റെ ഉന്മൂലന ഭീഷണി തള്ളിക്കളഞ്ഞ ഐആര്‍ജിസി ആക്രമണങ്ങളിലൂടെ പ്രതികരിക്കാന്‍ തയാറാണെന്നും അറിയിച്ചു.

അതേസമയം അമേരിക്കയുടെ ആകാശ ഉപരോധം നിലവില്‍ വന്നതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍, യുകെ, ഇറാഖ്, ഒമാന്‍, തുര്‍ക്കി, അസര്‍ബൈജാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇറാന്റെ സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറ് മാസത്തെ യുദ്ധത്തെ തുടര്‍ന്ന് ഇറാന്റെ സമ്പദ്വ്യവസ്ഥയും വന്‍ തകര്‍ച്ചയിലാണ്. ഡോളറിനെതിരെ ഇറാനിയന്‍ റിയാല്‍ 2 ദശലക്ഷത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. പണപ്പെരുപ്പം 65 ശതമാനമായതോടെ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ 128 ശതമാനത്തിന്റെ വര്‍ദ്ധനവും സംഭവിച്ചു. അതേസമയം ?ഗാസയിലെ ഖാന്‍ യൂനിസില്‍ ഐഡിഎഫ് നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് ധനകാര്യ മേധാവി കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അറിയിച്ചു. മുഹമ്മദ് അബു അല്‍വാനാണ് കൊല്ലപ്പെട്ടത്. അതിനിടെ ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 1.09 ഡോളര്‍ കുറഞ്ഞ് 98.16 ഡോളറിലെത്തി.

Scroll to Top