കൊച്ചി: ഗാലറിയെ ആവേശക്കടലാക്കിയ പോരാട്ടത്തില്‍ ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവനെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് കീഴടക്കി ബ്രസീല്‍ ലെജന്‍ഡ്‌സ്. റൊണാള്‍ഡീന്യോയും റിവാള്‍ഡോയും അടക്കമുള്ള ഇതിഹാസ താരങ്ങള്‍ അണിനിരന്ന മൈതാനത്ത് ഹാട്രിക്കുമായി കളംനിറഞ്ഞ ഫെര്‍ണാണ്ടീന്യോയാണ് സാമ്പാ പടയുടെ വിജയശില്പിയായത്. തോല്‍വിയിലും ഇരട്ട ഗോളുകളുമായി തിളങ്ങിയ മലയാളി താരം സി.കെ. വിനീതിന്റെ പ്രകടനം ശ്രദ്ധേയമായി. അഷിം ബിശ്വാസാണ് ഇന്ത്യയുടെ മൂന്നാം ഗോള്‍ നേടിയത്.
കളിയുടെ ആദ്യ നിമിഷം മുതല്‍ ബ്രസീലിയന്‍ മുന്നേറ്റങ്ങള്‍ നിരന്തരം ഇന്ത്യന്‍ ഗോള്‍മുഖത്തെ തേടിയെത്തി. റൊണാള്‍ഡീന്യോയും റിവാള്‍ഡോയും ഫെര്‍ണാണ്ടീന്യോയുമടങ്ങുന്ന ബ്രസീലിയന്‍ നിര തുടരെ ഇന്ത്യന്‍ ഗോള്‍മുഖം പരീക്ഷിച്ചതോടെ സ്റ്റേഡിയം ആവേശക്കടലായി മാറി. കളിയുടെ ഏഴാം മിനിറ്റിലായിരുന്നു ഇന്ത്യയുടെ ആദ്യ മുന്നേറ്റം. ഏഴാം മിനിറ്റില്‍ സ്റ്റീവന്‍ ഡയസിന്റെ പാസില്‍ നിന്ന് വിനീത് നടത്തിയ ആദ്യ നീക്കം ലക്ഷ്യത്തിലെത്തിയില്ലെങ്കിലും, 13-ാം മിനിറ്റില്‍ ഇന്ത്യ ബ്രസീലിനെ ഞെട്ടിച്ചു. മധ്യനിരയില്‍ നിന്ന് കിട്ടിയ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ വിനീത് ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ ഗോമസിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു.
ഗോള്‍ വീണതോടെ ഉണര്‍ന്നെഴുന്നേറ്റ ബ്രസീലിയന്‍ സംഘം തുടരെ അവസരങ്ങള്‍ സൃഷ്ടിച്ച് മുന്നേറി. 21-ാം മിനിറ്റില്‍ അതിന് ഫലവും കണ്ടു. പന്തുമായി മുന്നേറിയ കമെന്‍ഡൂസിയയെ ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത റൊണാള്‍ഡീന്യോ അനായാസം പന്ത് വലയിലെത്തിച്ചു. തൊട്ടുപിന്നാലെ ബ്രസീല്‍ ലീഡ് നേടി. റൊണാള്‍ഡീന്യോയുടെ പാസ് വലയിലെത്തിച്ച് ഫെര്‍ണാണ്ടീന്യോയാണ് ബ്രസീലിനെ മുന്നിലെത്തിച്ചത്. നാല് മിനിറ്റിനകം കമെന്‍ഡൂസിയയുടെ പാസില്‍ നിന്ന് വീണ്ടുമൊരു മനോഹര ഗോളിലൂടെ ഫെര്‍ണാണ്ടീന്യോ ബ്രസീലിന്റെ ലീഡുയര്‍ത്തി.
റിക്കാര്‍ഡോ ഒളിവേരയുടെ മനോഹരമായൊരു ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോകുന്നത് കണ്ടാണ് രണ്ടാം പകുതി ആരംഭിച്ചത്. തൊട്ടുപിറകെ ബ്രസീലിന്റെ നാലാം ഗോളും വന്നു. റിക്കാര്‍ഡോ ഒളിവേരയുടെ ഡയഗണല്‍ പാസ് വലയിലെത്തിച്ച് ഫെര്‍ണാണ്ടീന്യോ മത്സരത്തിലെ തന്റെ ഹാട്രിക് തികച്ചതോടെ ബ്രസീല്‍ 4-1ന് മുന്നിലെത്തി. തുടര്‍ന്നും കളി നിയന്ത്രിച്ചത് ബ്രസീലായിരുന്നു. 37-ാം മിനിറ്റില്‍ ജിയോവാനിയുടെ ലോങ് റേഞ്ചര്‍ മനോഹരമായൊരു സേവിലൂടെ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സന്ദീപ് നന്ദി തട്ടിയകറ്റി. 47-ാം മിനിറ്റില്‍ റൊണാള്‍ഡീന്യോ-ഫെര്‍ണാണ്ടീന്യോ സഖ്യത്തിന്റെ മുന്നേറ്റവും നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്.
എന്നാല്‍ കളിയുടെ അവസാന നിമിഷങ്ങളില്‍ ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. ഹര്‍മന്‍ജോത് സിങ് ഖബ്ര നല്‍കിയ ക്രോസ് മനോഹരമായൊരു ഹെഡറിലൂടെ വലയിലാക്കി വിനീത് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി (4-2). തൊട്ടുപിറകെ ജോ പോള്‍ അഞ്ചേരിയുടെ ലോങ് റേഞ്ചര്‍ ഗോള്‍പോസ്റ്റിന് മുകളിലൂടെ പറന്നകന്നു. ഒടുവില്‍ കളിയുടെ അവസാന നിമിഷമായിരുന്നു ഇന്ത്യയുടെ മൂന്നാം ഗോള്‍ പിറന്നത്. സ്റ്റീവന്‍ ഡയസിന്റെ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ബ്രസീലിയന്‍ പ്രതിരോധത്തിന്റെ ശ്രമത്തിനിടെ ലഭിച്ച പന്ത് മനോഹരമായൊരു ഡൈവിങ് ഹെഡറിലൂടെ അഷിം ബിശ്വാസ് വലയിലാക്കിയതോടെ ഇന്ത്യ മൂന്നാം ഗോളും നേടി.




