ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമഗ്ര അന്വേഷണം നടക്കണമെന്നും ഈ ഗൂഢാലോചനയുടെ തലപ്പത്ത് മോദിയും അമിത് ഷായുമാണ് ഉള്ളതെന്നും രാഹുല്‍ ആരോപിച്ചു. ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുലിന്റെ ആരോപണം. വോട്ടര്‍പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കിയതിനെ രണ്ട് കമ്മീഷണര്‍മാര്‍ എതിര്‍ത്തുവെന്നതാണ് ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത. താന്‍ ഉന്നയിച്ച വോട്ട് ചോരിയും വിരല്‍ ചൂണ്ടിയത് അക്കാര്യം തന്നെ. വോട്ട് ചോരി മാത്രമല്ല കാനൂന്‍ ചോരിയും നടന്നിരിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ ഇവര്‍ തകര്‍ത്ത കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഭാവി ജനങ്ങള്‍ നിങ്ങളെ ശിക്ഷിക്കും. താന്‍ പറയുന്നത് ഭാവനയല്ല, വ്യക്തമായ വസ്തുതയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി സര്‍ക്കാര്‍ 30 മുതല്‍ 50 വര്‍ഷം വരെ ഭരിക്കുമെന്ന അമിത് ഷായുടെ വീഡിയോ പ്രദര്‍ശിപ്പിച്ചാണ് രാഹുല്‍ ഗാന്ധി ആരോപണങ്ങള്‍ ഉന്നയിച്ചത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇങ്ങനെ പറയാനാകില്ലെന്നും ഒരു രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗ്ലാദേശ് യുദ്ധവിജയത്തിന് ശേഷം പോലും ഇന്ദിരാഗാന്ധി സര്‍ക്കാര്‍ തോറ്റ ചരിത്രമുണ്ട്. എന്നിരിക്കെ എന്ത് ഉറപ്പിലാണ് ബിജെപി നേതാക്കള്‍ ഇങ്ങനെ സംസാരിക്കുന്നത്? ബിജെപി വിജയങ്ങളില്‍ ഭരണവിരുദ്ധവികാരമില്ലേ. ബിജെപിയുടെ വിജയം എങ്ങനെ സംഭവിക്കുന്നു എന്നതിനുള്ള ഉത്തരമാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്ന് കൂട്ടിച്ചേര്‍ത്തു.
നമ്മുടെ വോട്ടുകളും ഭരണഘടനയും തകര്‍ക്കപ്പെടുകയാണ്. ജനങ്ങളുടെ വോട്ട് സംരക്ഷിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര്‍ക്കപ്പെടുകയാണെങ്കില്‍ മറ്റ് ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും നിലനില്‍പ്പില്ലാതെയാകും. മോദി, അദാനി മുതല്‍ ഗ്യാനേഷ് കുമാര്‍ വരെയുള്ളവരാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍. ഇവര്‍ ജനങ്ങളുടെ വോട്ട് മോഷ്ടിക്കുകയാണ്. ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചോയ്സ് ആയിരുന്നു. നമ്മുടെ വോട്ടിംഗ് സമ്പ്രദായം തകര്‍ത്തതിന്റെ പൂര്‍ണ ഉത്തരവാദി ഗ്യാനേഷ് കുമാറാണ്. വോട്ട് മോഷ്ടിക്കുന്നവര്‍ നടത്തുന്ന നിയമനിര്‍മ്മാണം പൂര്‍ണമായും നിയമവിരുദ്ധമാണ്. അടുത്ത 5-6 മാസത്തിനിടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നും രാഹുല്‍ വ്യക്തമാക്കി.
2023 ഡിസംബറില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അനുകൂലമായ നിയമനിര്‍മ്മാണം നടന്നപ്പോള്‍ താന്‍ അതിനെ ശക്തമായി എതിര്‍ക്കുകയും സിഇസി (CEC) നിയമനത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. മഹാദേവപുരയിലെ വോട്ട് ചോര്‍ച്ച മുതല്‍ ഹരിയാനയില്‍ ഒടുവില്‍ നടന്ന സംഭവങ്ങള്‍ വരെ സമാനതയുള്ളതാണ്. അവിടെയൊന്നും വോട്ട് ചോര്‍ച്ച നടന്നില്ലെന്ന് സ്ഥാപിക്കാനാണ് ഗ്യാനേഷ് കുമാറടക്കം ശ്രമിച്ചത്. മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുകയാണ് ചെയ്തത്. അതിനാല്‍ ഗ്യാനേഷ് കുമാര്‍ ഉടന്‍ രാജിവെക്കണമെന്നും രാജ്യത്തിനെതിരായ കൃത്യമായ നീക്കമാണ് നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.




