പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിഞ്ഞ് ഇരിയണ്ണിയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍

ഇരിയണ്ണി: ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണിയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ (എസ്.പി.സി) ആദൂര്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. പോലീസ് സ്റ്റേഷനിലെ ദൈനംദിന നടപടിക്രമങ്ങള്‍, ലോക്കപ്പ് സംവിധാനങ്ങള്‍, വിവിധ തരത്തിലുള്ള ആയുധങ്ങള്‍ എന്നിവ നേരിട്ട് കണ്ടറിഞ്ഞ് മനസ്സിലാക്കുന്നതിനാണ് കുട്ടി പോലീസുകാര്‍ സ്റ്റേഷനില്‍ എത്തിയത്. സ്റ്റേഷനിലെത്തിയ കേഡറ്റുകളെ സബ് ഇന്‍സ്‌പെക്ടര്‍ ഇ സുകുമാരന്‍ സ്വീകരിച്ചു. പി ആര്‍ ഒ എഎസ് ഐ ജെയിംസ്, എഎസ് ഐ ജോസ്, സ്റ്റേഷന്‍ റൈറ്റര്‍ സുരേഷ് കുമാര്‍ എന്നിവര്‍ സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്തി. തുടര്‍ന്ന് കുട്ടികള്‍ക്കായി
ഭാരതീയ ന്യായ സംഹിത അടിസ്ഥാനമാക്കി നിയമപാലനത്തെ കുറിച്ചും പൊതുജനങ്ങള്‍ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും എസ് ഐ ഇ സുകുമാരന്‍ പ്രത്യേക ക്ലാസ് എടുത്തു. കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി. പോലീസ് സ്റ്റേഷന്‍ സന്ദര്‍ശനത്തിന് ഡിഐ സി കെ ബാലകൃഷ്ണന്‍, എഡിഐ ഗിരീഷ്, സി.പി.ഒ. കെ.സി സിമിഷ, എ.സി.പി.ഒ. ബി. ഷിഹാസ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പോലീസ് സംവിധാനങ്ങളെ അടുത്തറിയാനും നിയമബോധം വളര്‍ത്താനും ഈ സന്ദര്‍ശനം കുട്ടികള്‍ക്ക് ഏറെ സഹായകരമായി.

Scroll to Top