നാഗാലാന്‍ഡില്‍ വ്യാജ മദ്യദുരന്തം; 19 മരണം

നാഗാലാന്‍ഡില്‍ വ്യാജ മദ്യം കുടിച്ച് 19 പേര്‍ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാഗാലാന്‍ഡിലെ മൊകോക്ചുങ്, ടുന്‍സാങ് ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മൊകോക്ചുങ് എട്ട് മരണവും ടുന്‍സാങ് ജില്ലയില്‍ 11 പേരുമാണ് വ്യാജ മദ്യം കുടിച്ച് മരണപ്പെട്ടത്.

സംഭവം അന്വേഷിക്കുന്നതിനും, മായം ചേര്‍ത്തതെന്ന് സംശയിക്കുന്ന മദ്യത്തിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തുന്നതിനുമായി അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് ഐ. ബങ്ലാങ് ചാങ് നയിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചതായി സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് വെസുപ്ര കെസോ അറിയിച്ചു.

മരണങ്ങളെത്തുടര്‍ന്ന് പൊലീസ് നടത്തിയ വ്യാപകമായ പരിശോധനകളില്‍ 19 പേരെ അറസ്റ്റ് ചെയ്യുകയും ഏകദേശം 3,000 കുപ്പി മദ്യം പിടിച്ചെടുക്കുകയും ചെയ്തു. 1990 മുതല്‍ നാഗാലാന്‍ഡില്‍ മദ്യനിരോധനം നിലവിലുണ്ട്.

തിരിച്ചറിയാനാവാത്തതോ ലേബലില്ലാത്തതോ ആയതോ അനധികൃതമെന്ന് സംശയിക്കുന്നതോ ആയ മദ്യം കഴിക്കരുതെന്ന് പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മദ്യം കഴിച്ചതിനുശേഷം തലകറക്കം, കാഴ്ച മങ്ങല്‍, ശ്വാസതടസ്സം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്നുമാണ് നിര്‍ദേശം.

Scroll to Top