പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി. ഇറാന്‍ മുന്നോട്ടുവെച്ച മൂന്നിന സമാധാന ഉപാധികള്‍ അമേരിക്ക തള്ളിയതായി സൂചന. നവംബറിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇറാന് എതിരായ ആക്രമണം കടുപ്പിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍. ഇറാന്‍ ഇന്നലെ മുന്നോട്ടുവച്ച ഏഴ് ദിന സമാധാന പദ്ധതി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളിയതായി വാള്‍ സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തത്.
വിഷയത്തില്‍ ട്രംപിന്റെ ഔദ്യോഗിക പ്രതികരണത്തിനായി കാക്കുകയാണെന്ന് ഇറാന്‍ പ്രതികരിച്ചു. മധ്യസ്ഥരാജ്യമായ ഖത്തറിലൂടെയാണ് ഹോര്‍മുസ് തുറക്കുന്നതിനും തുടര്‍ചര്‍ച്ചകള്‍ക്കുമായി ഇന്നലെ ഇറാന്‍ മൂന്ന് വ്യവസ്ഥകള്‍ മുന്നോട്ടുവച്ചത്. ലെബനോണ്‍ വിവിധ മേഖലകളിലുള്ള സംഘര്‍ഷം അവസാനിപ്പിക്കല്‍, 1200 കോടി ഡോളറിന്റെ മരവിപ്പിച്ച ആസ്തി വിട്ടു നല്‍കല്‍, നാവിക – സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കല്‍ എന്നിവയാണ് ഇറാന്‍ മുന്നോട്ടുവച്ച മൂന്ന് വ്യവസ്ഥകള്‍. ഇവ മൂന്നും അമേരിക്ക പാലിച്ചാല്‍ ഏഴാം ദിവസം ഹോര്‍മുസ് തുറക്കാമെന്നും ചര്‍ച്ച പുനരാരംഭിക്കാമെന്നുമായിരുന്നു ഇറാന്റെ നിലപാട്.
അതിനിടെ സൗദി അറേബ്യക്ക് നേരെ ഹൂതികള്‍ വീണ്ടും മിസൈല്‍, ഡ്രോണ്‍ ആക്രമണശ്രമങ്ങള്‍ നടത്തി. ഖമീസ് മുശൈത്ത് നഗരം ലക്ഷ്യമാക്കി വന്ന 2 ബാലിസ്റ്റിക് മിസൈലുകള്‍ സൗദി വ്യോമസേന ആകാശത്ത് വെച്ച് തകര്‍ത്തു. ഇന്ന് പുലര്‍ച്ചെ റിയാദ് മേഖല ലക്ഷ്യമാക്കി വന്ന 2 ഡ്രോണുകളും പ്രതിരോധ സേന വീഴ്ത്തിയിട്ടുണ്ട്. അതിനിടെ, മക്ക സംയുക്ത പ്രതിരോധ കരാറിലെ രാജ്യങ്ങളുടെ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സൈനിക, രാഷ്ട്രീയ തലങ്ങളില്‍ ഒന്നിച്ച് നീങ്ങാനും യോഗത്തില്‍ ധാരണയായി. ഹോര്‍മസിലെ സുരക്ഷിതപാതയില്‍ ഇറാനുമായി ഒമാന്‍ ചര്‍ച്ച ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.




