ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച ‘അഭിനന്ദന ദിനം’ ആയി ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് ഓഫീസില്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പൊതുജനങ്ങളും പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 48 പേര്‍ക്ക് ചടങ്ങില്‍ പ്രശംസാപത്രം നല്‍കി ആദരിച്ചു.
ജില്ലാ പോലീസ് മേധാവി ശ്രീ. നിധിന്‍രാജ് പി. IPS ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും വിശിഷ്ട സേവനം അനുഷ്ഠിച്ചവര്‍ക്കുള്ള പ്രശംസാപത്രങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. നന്മയും മികച്ച പ്രവര്‍ത്തനങ്ങളും പൊതുപരിപാടിയിലൂടെ അംഗീകരിക്കപ്പെടുന്നത് കൂടുതല്‍ ആളുകളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റാന്‍ പ്രചോദനമാകുമെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.
ജില്ലാ അഡീഷണല്‍ എസ്.പി. പി. കരുണാകരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. വിനീഷ് കുമാര്‍ എം.പി. സ്വാഗതം ആശംസിച്ചു.
കാസറഗോഡ് എ.എസ്.പി. അച്യുത് അശോക് IPS, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. ഡോ. വി. ബാലകൃഷ്ണന്‍, ബേക്കല്‍ ഡിവൈ.എസ്.പി. കെ. വിനോദ് കുമാര്‍, ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡിവൈ.എസ്.പി. മുരളീധരന്‍, സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ.എസ്.പി. ടി. ഉത്തംദാസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ നിബിന്‍ ജോയ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.




