വിവാദങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേര്‍ന്നു; വിട്ടുവീഴ്ച ചെയ്ത് ഗ്യാനേഷ് കുമാര്‍, രണ്ട് കമ്മീഷണര്‍മാര്‍ ഉയര്‍ത്തിയ വിയോജിപ്പുകളില്‍ പരിഹാരം

ദില്ലി: വിവാദങ്ങള്‍ക്കിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേര്‍ന്നു. രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഉന്നയിച്ച വിയോജിപ്പുകള്‍ യോഗത്തില്‍ ചര്‍ച്ചയായി. എസ്‌ഐആറിലെ പരാതികള്‍ സംബന്ധിച്ച് മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചര്‍ച്ച ചെയ്തു. രണ്ട് കമ്മീഷണര്‍മാര്‍ ഉന്നയിച്ച പ്രധാന വിയോജിപ്പുകളില്‍ യോഗത്തില്‍ ചില തീരുമാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എസ്‌ഐആറിനൊപ്പമുള്ള ഫോം 6 ല്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ അല്ലാത്ത സമയങ്ങളില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുമ്പോള്‍ പഴയ ഫോം 6 തന്നെ നിലനില്‍ക്കും. എസ്‌ഐആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളില്‍ പുറത്തായവര്‍ക്ക് ഇനിയും അപേക്ഷിക്കാം. ഇതിനായി പ്രത്യേക ഡ്രൈവുകള്‍ തുടങ്ങുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഇസിഐ നെറ്റ് സംബന്ധിച്ചായിരുന്നു മറ്റൊരു വിയോജിപ്പ്. ഇസിഐ നെറ്റിന്റെ നിയന്ത്രണം കേന്ദ്ര കമ്മീഷന്റെ കയ്യിലാണ്. ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതി ഇസിഐ നെറ്റിലെ മാറ്റങ്ങള്‍ വേണോയെന്ന് പരിശോധിക്കും. ഗോവയില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായ 97 പേരില്‍ 81 പേരുടെ വീട്ടില്‍ പോയി ബിഎല്‍ഒമാര്‍ ഫോം ശേഖരിച്ചു ഫയല്‍ ചെയ്‌തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

പാവപ്പെട്ടവര്‍, ഷെല്‍ട്ടറുകളില്‍ കഴിയുന്നവര്‍, തൊഴിലാളികള്‍, വീടില്ലാത്തവര്‍ മുതലായവര്‍ക്കായി പ്രത്യേക ഹെല്‍പ്പ് ഡെസ്‌കുകളും പ്രത്യേക ക്യാമ്പുകളും തീരുമാനമായി. ദില്ലിയില്‍ കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച് വലിയ പരാതി ഉയര്‍ന്നിരുന്നു. മൂന്നിലൊന്ന് പേര്‍ക്കും നോട്ടീസ് ലഭിച്ചു. എന്നാല്‍ നോട്ടീസ് ലഭിച്ചവര്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് തീരുമാനമായി. ബിഎല്‍ഒമാര്‍ വീട്ടിലെത്തി ഹിയറിംഗ് നടക്കും. അത്യാവശ്യമെങ്കില്‍ ഓണ്‍ലൈന്‍ ഹിയറിംഗ് നടത്തും. കരട് വോട്ടര്‍ പട്ടികയില്‍ പരാതി ഉന്നയിക്കാനുള്ള തീയതി ഒക്ടോബര്‍ 30 വരെ നീട്ടി. എസ്‌ഐആറിലെ തീരുമാനങ്ങള്‍ ഏകകണ്ഠമാണെന്ന് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ ആവര്‍ത്തിച്ചിരിക്കുകയാണ്.

Scroll to Top