മോദിയും ഷായും ഗ്യാനേഷ് കുമാറിനെ ‘അംപയറാക്കി’ തെരഞ്ഞെടുപ്പ് മാച്ച് ഫിക്സിങ് നടത്തുന്നു; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഐഎഎസ് പദവിയിലിരിക്കെ ഗ്യാനേഷ് കുമാര്‍ ബിജെപിയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയെന്നും പിന്നീട് മോദിയും ഷായും അദ്ദേഹത്തെ അംപയറാക്കി ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ‘മാച്ച് ഫിക്‌സിംഗ്’ നടത്താനുള്ള ഉത്തരവാദിത്തം അദ്ദേഹത്തെ ഏല്‍പ്പിച്ചെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഗ്യാനേഷ് കുമാര്‍ തന്നോട് പറഞ്ഞുവെന്നായിരുന്നു ജിജി തോംസണിന്റെ വെളിപ്പെടുത്തല്‍

‘ഞങ്ങള്‍ നല്ല സൗഹൃദത്തിലായിരുന്നു. റിട്ടയര്‍മെന്റിന് ശേഷം എന്താണ് പ്ലാനെന്ന് ചോദിച്ചു. ഞാന്‍ പ്രത്യേകിച്ച് പ്ലാനൊന്നുമില്ലെന്ന് പറഞ്ഞു. കുട്ടികളുടെ ഭാവി മെടച്ചപ്പെടുത്തുന്നതിനുള്ള ഒരു പരിപാടി ആവിഷ്‌കരിക്കണമെന്നുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ 2019-ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനും പിന്നീട് എംപി ആവാനും മന്ത്രി ആവാനും അദ്ദേഹം എന്നോട് ഉപദേശിച്ചു. 2016-ലായിരുന്നു അത്. ഞങ്ങള്‍ ഡല്‍ഹിയിയിലേക്ക് ഒന്നിച്ച് യാത്ര ചെയ്യുകയായിരുന്നു. അപ്പോഴാണ് പറഞ്ഞത്. തെരഞ്ഞെടുപ്പ് എന്റെ പ്ലാനിലില്ല എന്ന് പറഞ്ഞു. എനിക്ക് അതിന് താല്‍പര്യമുണ്ടായിരുന്നില്ല’, എന്നായിരുന്നു ജിജി തോംസണ്‍ പറഞ്ഞത്.

ജിജി തോംസണിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ടിക്കാറാം മീണയും രംഗത്തെത്തി. ജിജി തോംസണ്‍ പറഞ്ഞ കാര്യങ്ങളില്‍ അടിസ്ഥാനമുണ്ടെന്നും ഗ്യാനേഷ് കുമാര്‍ ബിജെപിയുടെ വളരെ അടുപ്പമുള്ള ആള്‍ ആണെന്ന് തെളിയിച്ചിട്ടുണ്ടല്ലോയെന്നും ടിക്കാറാം മീണ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഗ്യാനേഷ് കുമാറിന്റെ പ്രവര്‍ത്തനശൈലി നോക്കിയതിന് ശേഷം കഴിഞ്ഞ നവംബറില്‍ താന്‍ ഗ്യാനേഷ് കുമാറിന് കത്തയച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ്ണമായും പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നത്. ബിജെപി സര്‍ക്കാരിനെ സഹായിക്കാനാണ് ശ്രമം. ആ ഘട്ടത്തിലാണ് അദ്ദേഹത്തിന് കത്ത് അയച്ചത്. മറുപടിയൊന്നും കിട്ടിയില്ല. സൗഹാര്‍ദപരമായിരുന്നു കത്ത്. പിന്നീട് സുഖ്ബിര്‍ സിങ് സന്ധുവിനും വിവേക് ജോഷിക്കും ഡിസംബറില്‍ കത്തയച്ചു. ഗ്യാനേഷ് കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്ന് പറഞ്ഞായിരുന്നു കത്ത്. അതിന് ശേഷമാണ് അവര്‍ കത്തയച്ചതും നടപടികള്‍ ആരംഭിച്ചതും. എന്റെ കത്ത് ലഭിച്ച ശേഷമാണ് ഗ്യാനേഷിന്റെ തീരുമാനങ്ങള്‍ അവര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയതെന്നാണ് നിഗമനം’, ടിക്കാറാം മീണ പറഞ്ഞു.

ബിഹാറിലും ബംഗാളിലും മറ്റുള്ള സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുമ്പ് എസ്ഐആര്‍ നടത്തിയത് നിയമവിരുദ്ധമാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചാണ് പ്രവര്‍ത്തിച്ചതെന്നും ഇത് ബിജെപിയെ സഹായിക്കാന്‍ വേണ്ടിയാണെന്നും ടിക്കാറാം മീണ പറഞ്ഞു.

Scroll to Top