ദുബായ്: ദുബായ് കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി നടപ്പിലാക്കിവരുന്ന വൈവിധ്യമാര്‍ന്ന സാമൂഹിക സേവനങ്ങളുടെയും, ഭാവിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രോജക്ടുകളുടെയും വിവരങ്ങള്‍ അടങ്ങിയ ഔദ്യോഗിക ബ്രോഷര്‍ പ്രകാശനം ചെയ്തു. ദുബായില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വ്യവസായിയും ബെസ്റ്റ് ഗോള്‍ഡ് മാനേജിംഗ് ഡയറക്ടറുമായ സമീര്‍, കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ബ്രോഷറിന്റെ പ്രകാശനം നിര്‍വ്വഹിച്ചു.
കാസര്‍കോട് നഗരസഭാ പരിധിയിലെ പ്രവാസികളുടെയും നാട്ടിലെ സാധാരണക്കാരുടെയും ക്ഷേമത്തിനായി ദുബായ് കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി നടത്തിവരുന്ന ജീവകാരുണ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണെന്ന് സമീര്‍ അഭിപ്രായപ്പെട്ടു. മുന്‍സിപ്പല്‍ കമ്മിറ്റി ആവിഷ്‌കരിച്ചിട്ടുള്ള ഭാവി പദ്ധതികളും വിഷന്‍ ഡോക്യുമെന്റും ഏറെ ദീര്‍ഘവീക്ഷണമുള്ളതാണെന്നും, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി ഒരുക്കിയിട്ടുള്ള വിദ്യാഭ്യാസ പ്രോജക്ടുകള്‍ തികച്ചും വേറിട്ടതും സ്വാഗതാര്‍ഹവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കമ്മിറ്റിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെയും വരാനിരിക്കുന്ന പദ്ധതികളെയും പ്രശംസിച്ച അദ്ദേഹം, വരുന്ന ഒരു വര്‍ഷത്തേക്ക് വാര്‍ഷിക സമ്മേളനം ഉള്‍പ്പെടെയുള്ള മുന്‍സിപ്പല്‍ കമ്മിറ്റിയുടെ മുഴുവന്‍ പരിപാടികള്‍ക്കും ബെസ്റ്റ് ഗോള്‍ഡിന്റെ പൂര്‍ണ്ണ പിന്തുണയും പങ്കാളിത്തവും പ്രഖ്യാപിച്ചു.
കമ്മിറ്റിയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളുടെ അവലോകനത്തോടൊപ്പം പ്രവാസി ക്ഷേമം, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, പ്രൊഫഷണല്‍ വികസനം തുടങ്ങിയ മേഖലകളില്‍ വരാനിരിക്കുന്ന പുതിയ സംരംഭങ്ങളുടെ കൃത്യമായ വഴികാട്ടിയായാണ് ഈ ബ്രോഷര്‍ തയ്യാറാക്കിയിട്ടുള്ളത്.
ദുബായ് കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി ബ്രോഷര്‍ പ്രകാശനം ചെയ്തു




