കുഴികളായി മാറിയ റോഡ്;കടവത്ത് മുതല്‍ കോട്ടക്കുന്ന് വരെ യാത്ര ദുരിതത്തില്‍

മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ കടവത്ത് മുതല്‍ കോട്ടക്കുന്ന് വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥക്ക് അടിയന്തര ഇടപെടല്‍ വേണമെന്ന് നാട്ടുകാര്‍.റോഡ് തകര്‍ന്നതോടെ പ്രദേശവാസികളുടെയും യാത്രക്കാരുടെയും ദുരിതം വര്‍ധിക്കുന്നു. മഴ പെയ്തതോടെ റോഡിലെ കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് യാത്ര കൂടുതല്‍ ദുഷ്‌കരമാക്കിയിരിക്കുകയാണ്.

റോഡിന്റെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ട കുഴികളും ഇളകിക്കിടക്കുന്ന മെറ്റലുകളും ചെളിയും വാഹനയാത്രയ്ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇരുചക്ര വാഹന യാത്രക്കാരാണ് ഏറെ പ്രയാസം നേരിടുന്നത്. കാല്‍നടയാത്രക്കാരും അപകടസാധ്യത നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ തന്നെ അധികൃതരുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നതാണ്. താല്‍ക്കാലികമായി കുഴികള്‍ നികത്തുന്നതിന് പകരം റോഡിന്റെ സമഗ്രമായ അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രദേശവാസികളുടെ ദീര്‍ഘകാല ആവശ്യത്തിന് പരിഹാരം കാണുന്നതിനായി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് അധികൃതരും ബന്ധപ്പെട്ട ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Scroll to Top