യുവതാരങ്ങള്‍ വിരാട് കോലിയെ കണ്ടുപഠിക്കണം’; പ്രശംസയുമായി മുഹമ്മദ് കൈഫ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ തകര്‍പ്പന്‍ സെഞ്ച്വറിക്ക് പിന്നാലെ വിരാട് കോലിയെ പ്രശംസിച്ച് മുഹമ്മദ് കൈഫ്. കോലിയുടെ ഫിറ്റ്‌നസും കഠിനാധ്വാനവും യുവതാരങ്ങള്‍ മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങളെ മറികടന്ന് മികച്ച പ്രകടനമാണ് താരം ഇപ്പോള്‍ പുറത്തെടുക്കുന്നത്.
ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി തിളങ്ങിയ വിരാട് കോലിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. കോലിയുടെ ഫിറ്റ്‌നസ്, കഠിനാധ്വാനം, അര്‍പ്പണബോധം എന്നിവ യുവതാരങ്ങള്‍ കണ്ടുപഠിക്കണമെന്ന് കൈഫ് വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം വിമര്‍ശനങ്ങള്‍ നേരിട്ട കോലി, അതിന് ശേഷം തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി ഡക്ക് ആയപ്പോള്‍ വിരാട് കോലി ഇനി ഫോമിലേക്ക് തിരിച്ചെത്താന്‍ കഴിയില്ലെന്നും വിരമിക്കണമെന്നും ചിലര്‍ കമന്റ് ചെയ്തത് താന്‍ ഓര്‍ക്കുന്നുവെന്ന് കൈഫ് എക്സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. എന്നാല്‍ അതിനുശേഷം താരം കളിച്ച 11 ഇന്നിംഗ്‌സുകളില്‍ നിന്ന് നാല് സെഞ്ച്വറികളോടെ 900-ല്‍ധികം റണ്‍സാണ് നേടിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ടെസ്റ്റോ ടി20യോ കളിക്കാതെ, ഒരു വര്‍ഷത്തില്‍ വെറും 11 ഏകദിന ഇന്നിംഗ്‌സുകള്‍ മാത്രം കളിച്ചിട്ടും താരം ഇത്രയും മികച്ച സ്ഥിരത പുലര്‍ത്തുന്നു എന്നത് അഭിനന്ദനാര്‍ഹമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ 88 പന്തില്‍ പുറത്താകാതെ 139 റണ്‍സ് നേടിയ പ്രകടനത്തില്‍ 9 സിക്സറുകളാണ് കോലി അടിച്ചുകൂട്ടിയത്. ഇത് അദ്ദേഹത്തിന്റെ കരിയറിലെ പുതിയൊരു ശൈലിയാണെന്നും കൈഫ് പറഞ്ഞു.

‘യൂത്ത് എന്താണ് കോലിയില്‍ നിന്ന് പഠിക്കേണ്ടത്? ഫിറ്റ്‌നസ്, കഠിനാധ്വാനം, ആത്മാര്‍ത്ഥത എന്നിവയെല്ലാം യുവതാരങ്ങള്‍ക്ക് അദ്ദേഹത്തില്‍ നിന്ന് പഠിക്കാം. ഇന്ത്യന്‍ ജേഴ്സി അണിയുമ്പോഴെല്ലാം മത്സരങ്ങള്‍ ജയിപ്പിക്കുക എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.’ കൈഫ് വ്യക്തമാക്കി. 15,000 ഏകദിന റണ്‍സ് തികച്ച വിരാട് കോഹ്ലിക്ക് അദ്ദേഹം ആശംസകളും നേര്‍ന്നു.

Scroll to Top