കേര പദ്ധതി: റബ്ബര്‍ പുനര്‍നടീല്‍ കര്‍ഷകര്‍ക്ക് പരിശീലനം നടത്തി

വെള്ളരിക്കുണ്ട്: കൃഷി വകുപ്പ് ലോക ബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ആഭിമുഖ്യത്തില്‍ റബ്ബര്‍ പുനര്‍ നടീലിനായുള്ള കര്‍ഷകര്‍ക്ക് പരിശീലനവും രജിസ്ട്രേഷന്‍ പരിപാടിയും സംഘടിപ്പിച്ചു. വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടി ബളാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയ്ക്ക് പുതിയ ഉണര്‍വ്വേകാനും കര്‍ഷകര്‍ക്ക് കരുത്തേകാനും കേര പദ്ധതി മികച്ചൊരു വഴികാട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളരിക്കുണ്ട് റബ്ബര്‍ ഉത്പ്പാദക സംഘം പ്രസിഡന്റ് ആന്റണി അത്താഴപ്പാടം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബളാല്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ ഷോബി ജോസഫ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷാജന്‍ പൈങ്ങോട്ട്, കേര നോര്‍ത്ത് ആര്‍.പി.എം.യു. (കണ്ണൂര്‍) കോഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ പി.പി.ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേര പദ്ധതിയെ ക്കുറിച്ച് കേര നോര്‍ത്ത് റീജ്യണല്‍ പ്രൊജക്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷീനയും, കേര പുനര്‍ നടീല്‍ പരിപാലന പദ്ധതിയെക്കുറിച്ച് റബ്ബര്‍ ബോര്‍ഡ് കാഞ്ഞങ്ങാട് റീജ്യണല്‍ ഓഫീസിലെ ഡെപ്യൂട്ടി റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ എം.പി. പവിത്രന്‍ നമ്പ്യാരും ക്ലാസ്സെടുത്തു. കേര നോര്‍ത്ത് ആര്‍.പി.എം.യു. ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മുഹമ്മദ് ഇക്ബാല്‍. എസ് സ്വാഗതവും, കേര ഫീല്‍ഡ് ഓഫീസര്‍ കാവ്യ വിനയന്‍ നന്ദിയും പറഞ്ഞു. കാലാവസ്ഥാനുസൃത റബ്ബര്‍ തൈകള്‍ വെച്ച് പിടിപ്പിക്കുന്നതിനായാണ് കേര പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് ഹെക്ടറിന് എഴുപത്തയ്യായിരം രൂപ അനുവദിക്കുന്നത്. ഒരു കര്‍ഷകന് പരമാവധി രണ്ടു ഹെക്ടര്‍ വരെ ധനസഹായം അനുവദിക്കും. നൂറ്റി മുപ്പതോളം കര്‍ഷകര്‍ പരിശീലനത്തില്‍ പങ്കെടുക്കുകയും പുനര്‍ നടീലിനായുള്ള രെജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തതായി കേര പദ്ധതി അധികൃതര്‍ അറിയിച്ചു.

Scroll to Top