കാസര്‍കോട്: ലഹരിക്കെതിരായ ജനകീയ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആഭ്യന്തര വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍ 2.O തദ്ദേശകം’ പദ്ധതിക്ക് കാസര്‍കോട് നഗരസഭയില്‍ തുടക്കമായി.
കാസര്‍കോട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് എ.എസ്.പി അച്യുത് അശോക് ഐ.പി.എസ് തൂഫാന്‍ വാരിയേര്‍സിന് ബാഡ്ജ് കൈമാറി. കാസര്‍കോട് എ.എസ്.ഐ സുരേഷ് പദ്ധതി വിശദീകരണം നടത്തി.
വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സമീന മുജീബ്, ഹമീദ് ബെദിര, മെഹ്‌റുന്നിസ ഹമീദ്, ജാഫര്‍ കമാല്‍, വിദ്യാശ്രീ, കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി ഷാജു പി.ബി, സി.സി.എം മധുസൂധനന്‍ എം.വി, സൂപ്രണ്ട് നാരായണ നായക്, കാസര്‍കോട് പൊലീസ് ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസ്, നഗരസഭാ ജീവനക്കാര്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജി.എം.വി.എച്ച്.എസ്.എസ് തളങ്കര സ്‌കൂള്‍ എന്‍.എസ്.എസ് വളണ്ടിയേര്‍സ് ലഹരിക്കെതിരായ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു.
രണ്ടാംഘട്ടത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഡ് തല ജാഗ്രത സമിതികളുടെയും സഹകരണത്തോടെ ലഹരി ഉപയോഗവും വിപണനവും തടയുന്നതിനൊപ്പം ജനപങ്കാളിത്തത്തോടെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ഓപ്പറേഷന്‍ തൂഫാന്‍ 2.Oന്റെ ലക്ഷ്യം.




